ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബുധനാഴ്ച രാവിലെയാണ് സംഭവം. ഡൽഹിയിലെ ഡോവലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് സംഭവം. അജിത് ഡോവലിൻ്റെ വസതിക്ക് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കാര്‍ തടഞ്ഞത്.
തൻ്റെ ശരീരത്തില്‍ മറ്റൊരാള്‍ ചിപ്പ് ഘടിപ്പിച്ചതായും അതാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ അജ്ഞാതന്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതെന്നാണ് വിവരം. അജിത് ഡോവലിന് ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. വസതി സിഐഎസ്എഫിൻ്റെ സുരക്ഷാ വലയത്തിലാണ്.
മാനസിക വെല്ലുവിളികള്‍ നേരിടുന്നയാള്‍ അജിത് ഡോവലിൻ്റെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. അജ്ഞാതന്‍ ഒന്നിലധികം പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതിൻ്റെ ഫോളോഅപ്പിൻ്റെ പേരിലാണ് അജിത് ഡോവലിനെ കാണാന്‍ ഇയാള്‍ വന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സമയത്ത് അവധിയിലായതിനാല്‍ അജിത് ഡോവല്‍ വീട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.