പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപ്പത്തിൽ കുണ്ടലി- മനേശ്വര്‍- പല്‍വാല്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഇന്നലെ രാത്രി 9 മണിക്കായിരുന്നു അപകടം. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപ് സിദ്ദു മരിച്ചു. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സിദ്ദു. കാറിലുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു. വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.
കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ ദീപ് സിദ്ദുവിനെ പ്രതി ചേർത്തിരുന്നു. സിദ്ദുവിൻ്റെ മരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി അനുശോചിച്ചു. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ മുഖ്യ പങ്ക് ആരോപിച്ചാണ് പഞ്ചാബിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയായ ദീപ് സിദ്ദുവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ ദീപ് സിദ്ദു നേതൃത്വം നൽകിയെന്നായിരുന്നു ആരോപണം. പതാക ഉയർത്തിയത് തൻ്റെ നേതൃത്വത്തിൽ ആയിരുന്നുവെന്ന് ദീപ് സിദ്ദു പിന്നീട് അവകാശപ്പെട്ടിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നി കുറ്റങ്ങൾ ചുമത്തി സിദ്ദുവിനെ കഴിഞ്ഞ വർഷം ഫെബ്രുവരി 9 നാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 16 ന് ജാമ്യം ലഭിക്കുകയായിരുന്നു. ചെങ്കോട്ടയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക സംഘടനകളും ആരോപിച്ചിരുന്നു.