പറ്റ്ന: കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ മുഖ്യപ്രതിയായ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണു മൃഗക്ഷേമ വകുപ്പില്‍ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.
ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന കേസില്‍ ലാലു കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷാവിധി ഈ മാസം 18ന്. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ നാലു കേസുകളിലും ലാലുവിനു തടവു ശിക്ഷ ലഭിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷം ലാലു നിലവില്‍ ജാമ്യത്തിലാണ്.