ചാത്തന്നൂർ: നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനായി തയാറെടുക്കുന്ന കനാൽപാലം തകർന്നുതുടങ്ങിയതായി പരാതി. ചാത്തന്നൂർ പഞ്ചായത്തിലെ വരിഞ്ഞം വാർഡിൽ എം.എൽ.എ ഫണ്ടിൽ നിന്ന് ഒമ്പതുലക്ഷത്തോളം രൂപ ഉപയോഗിച്ച് നിർമിച്ച പാലത്തിന്റെ ഭാഗങ്ങളാണ് തകർന്നത്.
കൈവരിക്കായി നിർമിച്ച സ്ഥലത്തിന്റെ ഫൗണ്ടേഷൻ തകർന്നു. വേണ്ടവിധം മണ്ണിട്ട് ഉറപ്പിക്കാതെ ചെറുഭിത്തി കെട്ടി അതിന്റെ മുകളിൽ കൈവരി ഉറപ്പിക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്നതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്.
പാലത്തിന്റെ നിർമാണപ്രവൃത്തിയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. കെ.ഐ.പി ഉദ്യോഗസ്ഥരാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്.
ഏകദേശം അഞ്ചുലക്ഷം രൂപ പോലും ചെറിയ നടപ്പാതക്കും പാലത്തിനും വേണ്ടിവരില്ലെന്ന് എൻജിനീയറിങ് വിദഗ്ധർ പറയുമ്പോഴാണ്, ഒമ്പതുലക്ഷത്തോളം രൂപ െചലവാക്കി നിർമാണം നടത്തിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ഉന്നത അധികാരികൾക്കും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.