കൊല്ലം: തെറ്റിച്ചിറയിലെ ക്ലബ്ബിൽ മദ്യപിച്ച് കളിക്കാൻ വന്നത് തടഞ്ഞ ഭാരവാഹിയായ യുവാവിനേയും സുഹൃത്തിനേയും ആക്രമിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയും ചെയ്ത സംഘത്തിലെ പ്രധാനിയായ യുവാവ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ കളിയ്ക്കൽ കടപ്പുറത്ത് നിന്നു കണ്ണനല്ലൂർ ഇ.എസ്.ഐയ്ക്ക് സമീപം കുരുശടി മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനവാസ് (39) ആണ് അറസ്റ്റിലായത്.
കളിക്കുന്നത് തടഞ്ഞതിൽ പ്രകോപിതരായ സംഘം 11ന് രാത്രി 10.30ഓടെയാണ് അക്രമം നടത്തിയത്. ഭാരവാഹിയായ ശ്യാമിനെ ആക്രമിക്കുകയും തടസം നിന്ന സുഹൃത്ത് അജ്മൽഖാനെ കൈവശമിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഘത്തിലെ മൂന്നുപേരെ സംഭവസ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. ഷാനവാസ് സ്ത്രീപീഡന കേസിൽ ജാമ്യത്തിൽ ഉള്ളയാളാണ്.