കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ‘കൈതി’ വൻ വിജയം നേടിയിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ ചിത്രത്തിൻ്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് രംഗത്തെത്തിയതോടെ ചിത്രത്തിന് സ്റ്റേ വന്നു. ഇപ്പോൾ അണിയറ പ്രവർത്തകർക്ക് ആശ്വാസമായി ചിത്രത്തിന് ഏർപ്പെടുത്തിയ സ്റ്റേ റദ്ദാക്കിയിരിക്കുകയാണ്.
സ്‌റ്റേ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു. തൻ്റെ ജീവിതം ആസ്പദമാക്കി എഴുതിയ കഥ അനുവാദമില്ലാതെ ഉപയോഗിച്ചെന്നായിരുന്നു രാജീവിൻ്റെ പരാതി. 2007ല്‍ എഴുതിയ നോവലില്‍ നിന്നും പകര്‍ത്തിയതാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. താന്‍ കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈ ജയിലില്‍ കഴിയുന്ന സമയത്തെ സ്വന്തം അനുഭവങ്ങള്‍ പകര്‍ത്തിയ കഥ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് സിനിമ നിര്‍മ്മാതാവ് പണം നല്‍കിയതായും രാജീവ് പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്താണ് രാജീവ് ടിവിയില്‍ ‘കൈതി’ കാണുന്നത്.
അപ്പോഴാണ് തൻ്റെ കഥ സിനിമയാക്കിയ വിവരം അറിഞ്ഞതെന്നും രാജീവ് കോടതിയില്‍ പറഞ്ഞിരുന്നു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രാജീവിൻ്റെ കഥ പരിശോധിച്ച ശേഷം കൈതിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യരുതെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചിക്കുകയായിരുന്നു.