ദുല്‍ഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം ‘ഹേ സിനാമിക’യിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ‘മേഘം’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ചത് മദൻ കർക്കിയും സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുൽഖറും അദിതി റാവുവുമാണ് ഗാനത്തിൽ പ്രണയ ജോഡികളായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിൻ്റെ തിരക്കഥ മദൻ കർക്കിയാണ്.
ഗോവിന്ദ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ. മണിരത്‌നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്നാണ് ചിത്രത്തിൻ്റെ പേര് എടുത്തിരിക്കുന്നതെന്ന് ബൃന്ദ മാസ്റ്റർ മുമ്പ് വ്യക്തമാക്കിയിരുന്നു.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം ദുൽഖറും ആലപിക്കുന്നുണ്ട്. ഒരു റൊമാന്റിക് എന്റർടെയിനറായ ‘ഹേയ് സിനാമിക’ ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’, ‘വാൻ’ എന്ന ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. വാൻ പുറത്തിറങ്ങിയിട്ടില്ല.
















