2009-ൽസ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ ആണ് പെഗാസസ്. ഗ്രീക്ക് പുരാണത്തിലെ പറക്കും കുതിര പെഗാസസിന്റെ പേരാണിതിന്. ഉപയോക്താക്കളെ വഴിതെറ്റിച്ച് സ്‌മാർട്ട്ഫോണുകളിലും കംപ്യൂട്ടറുകളിലും കടന്നുകൂടി വിവരം ചോർത്തുന്ന ചാര സോഫ്റ്റ്‌വെയർ. ‘പെഗാസസി’നെ ഐഫോണിലും ആൻഡ്രോയ്‌ഡ് ഫോണുകളിലും കടത്തിവിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഇ-മെയിലുകൾ എന്നിവ ചോർത്താൻ കഴിയും. കുറ്റവാളികളെയും ഭീകരരെയും നിരീക്ഷിക്കാൻ മാത്രമായുണ്ടാക്കിയതാണ് ഈ സോഫ്റ്റ്‌വേർ എന്നാണ് എൻഎസ്ഒ യുടെ അവകാശവാദം. ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക് എസ്‌എംഎസ് വഴിയാണ് പെഗാസസ് കൂടുതലായും കടന്നുകയറുന്നത്. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ചാര സോഫ്‌റ്റ്‌വെയർ ഫോണിൽ ഇടംപിടിക്കും. മുഴുവൻ വിവരവും ഏജൻസിക്ക് ലഭ്യമാകും. ക്യാമറ, മൈക്രോഫോൺ എന്നിവയിലും നുഴഞ്ഞുകയറും. വാട്സാപ്, ടെലഗ്രാം, സിഗ്‌നൽ തുടങ്ങി നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായ എൻഡ് ടു എൻഡ് എൻക്രിപ്‌റ്റഡ് മെസേജിങ് ആപ്പുകളിലെ വിവരങ്ങളടക്കം പെഗാസസ് ചോർത്തും.
ഫോൺ സ്വിച്ച് ഓഫ് ചെയ്‌താൽ സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനം നിലയ്‌ക്കുമെങ്കിലും സ്വിച്ച്‌ഓൺ ചെയ്യുമ്പോൾ പ്രവർത്തിച്ചു തുടങ്ങും. ഫോണുകളിലെ കോളുകൾ റെക്കോഡ് ചെയ്യാനും മൈക്രോഫോണുകളും ക്യാമറകളും ഉപയോക്താവറിയാതെ പ്രവർത്തിപ്പിക്കാനും സാധിക്കും. ഫോൺ ഉപേക്ഷിക്കൽ മാത്രമാണ് രക്ഷപ്പെടാൻ ഏകമാർഗം. ടൊറന്റോ സർവകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ നിരീക്ഷണ ഗവേഷണ സംഘടന ‘സിറ്റിസൺ ലാബ്’ ആണ് 2019ൽ പെഗാസസ് ചോർത്തൽ ആദ്യം പുറത്തുകൊണ്ടുവന്നത്. തുടർന്ന്, വാട്സാപ് എൻഎസ്‌ഒയ്‌ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങി. ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ ടെക്നിക്കൽ ലാബും ഫ്രാൻസിലെ മാധ്യമഗ്രൂപ്പായ ‘ഫോർബിഡൻ സ്‌റ്റോറീസു’മാണ് ഇപ്പോഴത്തെ ഗവേഷണ വെളിപ്പെടുത്തലിന് പിന്നിൽ. സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കും മാത്രമാണ് പെഗാസസ് നൽകാറുള്ളുവെന്നാണ് എൻഎസ്ഒ പറയുന്നത്.
മനുഷ്യാവകാശസംരക്ഷണത്തിൽ മികച്ച റെക്കോഡുള്ള രാജ്യങ്ങളിലെ സൈന്യം, നിയമനിർവഹണ -രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്കാണ് പെഗാസസ് വിൽക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികളാണ് ഉപയോക്താക്കളിൽ 51 ശതമാനവും. ആർക്കൊക്കെ വിൽപന നടത്തിയിട്ടുണ്ടെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിറ്റുകഴിഞ്ഞാൽ പെഗാസസിന്റെ കാര്യങ്ങൾ നോക്കുന്നത് വാങ്ങുന്ന സർക്കാരുകളും സർക്കാർ ഏജൻസികളുമായിരിക്കും. എൻഎസ്ഒ അതിൽ ഇടപെടില്ല. ‘ഉപയോഗം എൻഎസ്ഒയ്ക്ക് ദൃശ്യമാകില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാറുമില്ല’ എന്നാണ് കമ്പനിയുടെ അവകാശവാദം. പെഗാസസ് വിൽക്കുക എന്നുവെച്ചാൽ വാങ്ങുന്നവർക്ക് ഈ ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുക എന്നാണ് അർഥം. എത്രകാലത്തേക്കാണ് ലൈസൻസ് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വില.
വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ, ലെ മൊൺഡേ, ദി വയർ എന്നിവയുൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണമാണ് പെഗാസസ് പ്രോജക്ട്. പാരീസ് ആസ്ഥാനമായുള്ള ഫൊർബിഡൻ സ്റ്റോറീസ് എന്ന മാധ്യമസ്ഥാപനത്തിനും മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിനും ചോർന്നുകിട്ടിയ 50,000 ഫോൺ നമ്പറുകൾ കൂടുതൽ അന്വേഷണത്തിനും വിശകലനത്തിനും കൈമാറുകയായിരുന്നു. ഈ പട്ടികയിൽനിന്നാണ് അമ്പതിലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെപ്പേരെ നിരീക്ഷിച്ചതായി കണ്ടെത്തിയത്. നിരീക്ഷണം തുടങ്ങിയത് 2016-ൽ.
ഇന്ത്യ, യുഎഇ, ഹംഗറി, സൗദി അറേബ്യ, റുവാൺഡ, മൊറോക്കോ, മെക്സിക്കോ, കസാഖ്‌സ്താൻ, ബഹ്‌റൈൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലുള്ളവരാണ് നിരീക്ഷിക്കപ്പെട്ടവരിൽ അധികവും. അറുന്നൂറിലേറെ രാഷ്ട്രീയക്കാർ/സർക്കാർ ഉദ്യോഗസ്ഥർ, 189 മാധ്യമപ്രവർത്തകർ, 85 മനുഷ്യാവകാശപ്രവർത്തകർ, 64 ബിസിനസ് എക്സിക്യുട്ടീവുമാർ, അറബ് രാജകുടുംബാംഗങ്ങൾ. നിരവധി സ്മാർട്ട്‌ഫോണുകൾ ആംനെസ്റ്റിയുടെ ഫൊറൻസിക് ലാബിൽ പരിശോധിച്ച്, നിരീക്ഷണം നടന്നെന്ന് ഉറപ്പുവരുത്തി.
അതേസമയം, ഇസ്രായേൽ പോലീസും മൊസാദും ചേർന്ന്, അവരുടെ അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ആരുടെയും വിവരങ്ങൾ ചോർത്താൻ വേണ്ടി പെഗാസസ് എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് നമ്മൾ ഏറെക്കാലമായി കേൾക്കുന്ന ആക്ഷേപമാണ്. ഇതേ വിഷയത്തിൽ ഏറ്റവും പുതിയ ഒരുപിടി ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ഇസ്രായേലിലെ ഇടതുചായ്വുള്ള പത്രമായ കാൽക്കലിസ്റ്റ്. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അടക്കമുള്ള പലരുടെയും വിവരങ്ങൾ ഇതിനോടകം തന്നെ പെഗാസസ് വഴി ചോർത്തപ്പെട്ടിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം ഈ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.
ലോകമെമ്പാടുമുള്ള ഇന്റലിജൻസ് ഏജൻസികൾക്ക് വൻവിലയ്ക്ക് വിൽക്കപ്പെടുന്ന ഈ പാക്കേജ്, അതിന്റെ നിയമവിരുദ്ധമായ ഉപഭോഗം നിമിത്തം പലയിടത്തും ദുഷ്‌പേര് കേട്ടുവരുന്ന ഒന്നാണ്. ലക്‌ഷ്യം വെക്കുന്ന ഫോണിന്റെ കാമറ, മൈക്ക് തുടങ്ങിയവ ഇരയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ പ്രവർത്തിപ്പിക്കാനുള്ള ശേഷിയും പെഗാസസിനുണ്ട്
കാൽക്കലിസ്റ്റ് പത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഹാരെറ്റ്സ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം പെഗാസസിന്റെ ഹാക്കിങ് ടൂൾ ഇങ്ങനെ ഉപയോഗിക്കുന്നതിനു മുമ്പ് കോടതിയിൽ നിന്ന് നിയമപരമായ യാതൊരു വിധ അനുമതിയും ഗവണ്മെന്റ് തേടിയിട്ടില്ല. നെതന്യാഹുവിന്റെ മകൻ അവനർ, അദ്ദേഹത്തിന്റെ കേസിലെ കൂട്ടുപ്രതി ഐറിസ് എലോവിച്ച്, അംഗപരിമിതരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന എൻജിഒയുടെ മേധാവികൾ, വല്ല ന്യൂസ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാർ, ബിസിനസുകാരൻ റാമി ലേവി, ധനവകുപ്പിൽ മുതിർന്ന ബ്യൂറോക്രാറ്റുകൾ എന്നിവർ ഈ ലിസ്റ്റിൽ പെട്ടിട്ടുണ്ട്. നെതന്യാഹുവിന്റെ മീഡിയ ഉപദേഷ്ടാക്കളായ ടോപാസ് ലുക്ക്, യോനാഥൻ യൂറിച്ച്, തൊഴിലാളി യൂണിയൻ നേതാവ് യായിർ കാറ്റ്‌സ് എന്നിവരും ഇങ്ങനെ നിരീക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. പലരുടെയും ഫോണുകൾ പെഗാസസ് സോഫ്റ്റ്‌വെയർ വഴി ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം, ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ആഭ്യന്തര മന്ത്രി ഐലെറ്റ് ഷാക്ക്ഡ് ഉത്തരവിട്ടിട്ടുണ്ട്. ആക്ഷേപങ്ങളിൽ സത്യമുണ്ടെങ്കിൽ ഇത് വലിയ കോളിളക്കങ്ങൾ ഉണ്ടാക്കാൻ പോന്ന ഒരു വാർത്തയാണ് എന്നും മന്ത്രി പ്രതികരിച്ചു. പെഗാസസ് സോഫ്റ്റ്‌വെയർ ഇസ്രായേലി പൊലീസ് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ള കുറ്റസമ്മതവും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ വിരമിച്ച പൊലീസ് ചീഫ് റോണി ആഷ്‌ലീച്ചിന്റെ കാലത്താണ് ഈ ദുരുപയോഗങ്ങൾ നടന്നിട്ടുള്ളത് എന്നാണ് പൊലീസ് അധികാരികളുടെ പ്രതികരണം. ഇസ്രായേലിൽ നിലവിൽ വിചാരണയിലുള്ള പല സുപ്രധാന കേസുകളുടെയും ഭാവിയെ ബാധിക്കുന്ന ഒന്നാണ് നിയമത്തിന്റെ പരിധിക്ക് പുറത്തുകടന്നുള്ള ഈ പെഗാസസ് അതിക്രമം എന്നും സൈബർ നിയമ വിദഗ്ധർ അവകാശപ്പെടുന്നു.