കൊച്ചി: ‘ചുരുളി’ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈകോടതി തള്ളി. സിനിമ കണ്ടിട്ടു വേണം അതിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കാനെന്ന് ഹൈക്കോടതി പറഞ്ഞു. കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയും മുമ്പ് വിധി വായിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു.
സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈകോടതി ഉത്തരവ്. നേരത്തെ സിനിമക്ക് പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സിനിമയിലെ ഭാഷാപ്രയോഗം കഥാസന്ദർഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈകോടതി ഡിജിപിയെ കക്ഷി ചേർക്കുകയായിരുന്നു.
സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് കോടതി നിർദേശിച്ചിരുന്നു. പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷകയാണ് ഹൈകോടതിയെ സമീപിച്ചത്. ഇതനുസരിച്ചാണ് എഡിജിപി പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതി സിനിമ കണ്ട് വിലയിരുത്തൽ നടത്തിയത്.
ചുരുളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നിലനിൽപ്പിനായി പൊരുതുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കഥയാണ് സിനിമ പറയുന്നത്. ഇതിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ വേണമെന്ന് സംവിധായകന് തീരുമാനിക്കാം. ചിത്രത്തിൽ കഥാസന്ദർഭത്തിന് അനുയോജ്യമായ ഭാഷയും ദൃശ്യങ്ങളും മാത്രമാണുള്ളത്. ഭരണഘടന നൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനപ്പുറം ഈ സിനിമയിൽ നിയമലംഘനങ്ങളൊന്നുമില്ലെന്നാണ് സിനിമ പരിശോധിച്ച സമിതി വിലയിരുത്തിയത്. അശ്ലീലമായ പ്രയോഗങ്ങളോ, ചേഷ്ടകളോ പൊതു ഇടങ്ങളിൽ മാത്രമേ നിയമവിരുദ്ധമാകൂ. ഒടിടി പ്ലാറ്റ്‍ഫോം പൊതു ഇടമല്ല. സെൻസറിംഗും നിലവിലെ നിയമപ്രകാരം ഒടിടിക്ക് ബാധകമല്ല. അതിനാൽ സിനിമക്കെതിരെ നിയമനടപടികളൊന്നും ആവശ്യമില്ലെന്നാണ് ഡിജിപിക്ക് സമിതി നൽകിയ റിപ്പോർട്ട്.
















