കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച വിഷയമാണ് ലോകായുക്ത നിയമഭേദഗതി. ഭരണഘടന സംരക്ഷണത്തിനായാണ് നിയമഭേദഗതിയെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ലോകായുക്തയുടെ ചിറകരിയുന്നതാണ് നടപടിയെന്ന് പ്രതിപക്ഷം പറയുന്നു. വിഷയത്തിൽ ഇടതു മുന്നണിയില്‍ നിന്ന് തന്നെ എതിർപ്പുകളുയർന്നു. സ്വന്തം മന്ത്രിമാര്‍ക്ക് പോലും ഓര്‍ഡിനന്‍സില്‍ ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. എല്‍ഡിഎഫിന്റെ പ്രധാനഘടകക്ഷിയുടെ ഭാഗത്തുനിന്ന് പോലുമുണ്ടായ എതിര്‍പ്പുകളെ ഗൗരവമായി മുഖവിലക്കെടുക്കാതെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായ മുന്നോട്ട് പോയി. ചികിത്സയ്ക്കും വിദേശ സന്ദര്‍ശനത്തിനും ശേഷം തിരികെയെത്തിയ മുഖ്യമന്ത്രി തന്നെ രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഒടുവിലിതാ ഗവര്‍ണര്‍ ആരിഫ് മുഹമദ്ഖാന്‍ ഓര്‍ഡിന്‍സില്‍ ഒപ്പുവെക്കുകയും ചെയ്തു.
എന്നാൽ എന്താണ് ഈ ലോകായുക്ത? എന്തിനു വേണ്ടിയാണ് ഈ വിഷയത്തിൽ ഇത്രമാത്രം ചർച്ചകൾ നടന്നത്? സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്‍പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടുള്ള അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനഃപൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ലോകായുക്തയ്ക്ക് പരാതികള്‍ നല്‍കി ചോദ്യം ചെയ്യാം. 1966ല്‍, മൊറാര്‍ജി ദേശായി സമര്‍പ്പിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമായി ലോക്പാല്‍, ലോകായുക്ത എന്നീ രണ്ടു ഭരണഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ എന്നിവരെയാണ് ലോകായുക്ത നിയമനത്തിന് പരിഗണിക്കുക.
അഞ്ചു വര്‍ഷമാണ് കാലാവധി. നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും സംസ്ഥാനത്തെ ലോക്സഭാ പ്രതിനിധിയോ, നിയമസഭാ പ്രതിനിധിയോ ആകാന്‍ പാടില്ല. ശമ്പളം ലഭിക്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരെയും, സ്വന്തമായി ബിസിനസ് നടത്തുന്നവരെയും ലോകായുക്ത നിയമനത്തിന് പരിഗണിക്കാറില്ല. നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍ക്കാണ് ലോകായുക്തയെ നിയമിക്കാനുള്ള അധികാരം. കേരളത്തില്‍ 1998 നവംബര്‍ 15ന് നിലവില്‍ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് സംവിധാനം രൂപീകരിച്ചത്. ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും അടങ്ങിയതാണ് സംവിധാനം.
കേരളത്തിൽ തിരുവനന്തപുരത്താണ് ലോകായുക്തയുടെ ആസ്ഥാനം. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്താറുണ്ട്. ചെലവുകളേതുമില്ലാതെ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. നേരിട്ടോ വക്കീല്‍ മുഖാന്തരമോ പരാതി നല്‍കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്നപക്ഷം, പരാതിക്കിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വേണ്ട നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകായുക്ത സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. പക്ഷേ, ശിക്ഷ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യാം. പദവികളില്‍നിന്ന് നീക്കുക, തല്‍സ്ഥാനത്തുനിന്ന് തരം താഴ്ത്തുക, നിര്‍ബന്ധിത റിട്ടയര്‍മെന്റ് എടുക്കാന്‍ ശുപാര്‍ശ ചെയ്യുക, ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക, ശാസന നല്‍കുക എന്നിങ്ങനെയാണ് ലോകായുക്ത സാധാരണയായി നല്‍കാറുള്ള ശുപാര്‍ശകള്‍.
ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതാണ് ലോകായുക്ത ഭേദഗതി എന്ന് പറഞ്ഞു. എന്നാൽ ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാന്‍ മാത്രമാണ് അധികാരമുള്ളത്. നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നതാണ് ഓര്‍ഡിനന്റെ ഏറ്റവും പ്രസക്തമായ ഭാഗം. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഭരണഘടനാമൂല്യം സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം. ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെ നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ മാറ്റംവരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഇപ്പോഴത്തെ ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
പഴയ ഭേദഗതിയിൽ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു. അന്ന് കെ ടി ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടില്ല. അതേസമയം, ഓര്‍ഡിന്‍സ് നിലവില്‍ വന്ന ശേഷമാണ് ഇങ്ങനെയൊരു വിധി വന്നതെന്ന് കരുതുക. എങ്കില്‍ ജലീലിന് വേണ്ടി ഒരു ഹിയറിങ് നടത്തി അദ്ദേഹത്തിനെതിരേയുള്ള വിധി വേണമെങ്കില്‍ സര്‍ക്കാരിന് തള്ളാന്‍ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ പുതിയ ഭേദഗതി കൊണ്ട് സംഭവിക്കുക. ഈ ഒരു വിഷയത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് പലതരത്തിലുള്ള രാഷ്ട്രീയ ചർച്ചകളും നടക്കുന്നത്.
ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതാണ് ഓര്‍ഡിനന്‍സെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനാണ് സര്‍ക്കാര്‍ ശ്രമം. അഴിമതി കേസുകളില്‍ ലോകായുക്തക്ക് നടപടിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ. അതില്‍ തുടര്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ലോകായുക്ത ശുപാര്‍ശ ചെയ്താല്‍ മൂന്ന് മാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയര്‍ങ് നടത്തി തീരുമാനിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന വിമര്‍ശനമാണ് പ്രതിപക്ഷത്തിനുള്ളത്.
ഓര്‍ഡിനന്‍സില്‍ സിപിഐയ്ക്കും വിയോജിപ്പാണുള്ളത്. ഇത്രയും ധൃതിയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട സാഹചര്യമെന്താണെന്ന നിലപാടാണ് സിപിഐ മുന്നോട്ട് വെക്കുന്നത്. ഓര്‍ഡിനന്‍സിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഐയുടെ നിലപാട് മയപ്പെടുത്തുന്നതിനായി കാനം രാജേന്ദ്രനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് ഒപ്പുവെച്ച സാഹചര്യത്തില്‍ ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് സിപിഐ. എന്നാല്‍ അടുത്ത ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം വീണ്ടും പരിഗണനക്കെടുക്കണമെന്ന ആവശ്യവും സിപിഐ മുന്നോട്ട് വെക്കുന്നുണ്ട്. വിഷയത്തിൽ ഗവർണ്ണർ ഒപ്പുവെച്ചങ്കിലും ഇനിയും ഇതിന്റെ ചർച്ചകളും വിമർശനങ്ങളും അവസാനിക്കാൻ സാധ്യതയില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ഈ വിമർശനങ്ങളിൽ നിന്നും മനസ്സിലാകുന്നത്.