തമിഴ് ചലച്ചിത്ര ഗാനമേഖലയിലെ ഹിറ്റ് മെഷീന്‍ ആണ് അനിരുദ്ധ് രവിചന്ദര്‍ . സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി അനിരുദ്ധ് സൃഷ്‍ടിച്ച പല ഈണങ്ങളും സിനിമാപ്രേമികളുടെ പ്രിയഗാനങ്ങളായി ഇപ്പോഴും കൂടെയുണ്ട്. രജനീകാന്ത് ചിത്രം പേട്ടയും വിജയ് ചിത്രം മാസ്റ്ററുമാണ് സമീപകാലത്തെ അനിരുദ്ധിന്‍റെ രണ്ട് സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍. ഇപ്പോഴിതാ വിജയ് നായകനാവുന്ന പുതിയ ചിത്രം ബീസ്റ്റിലും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ്. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ എപ്പോഴും തന്‍റേതായ വ്യതിരിക്തത സൂക്ഷിക്കുന്ന അനിരുദ്ധ് ഇക്കുറി എത്തുന്നത് ‘അറബിക് കുത്തു’മായാണ്. ഗാനത്തിന്‍റെ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
സാധാരണ ഗാനങ്ങളുടെ പ്രൊമോ വീഡിയോകള്‍ ആ ഗാനത്തിന്‍റെ തന്നെ ഒരു ടീസര്‍ പോലെയാണ് എത്താറുള്ളതെങ്കില്‍ ബീസ്റ്റ് അണിയറക്കാര്‍ അവിടെയും വ്യത്യസ്‍തത കാണിച്ചിരിക്കുകയാണ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറും അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ശബ്‍ദസാന്നിധ്യമായി വിജയ്‍യും. ഹിറ്റുകള്‍ മാത്രം സൃഷ്‍ടിക്കുന്ന അനിരുദ്ധില്‍ നിന്നും അതില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല. വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14നാണ് ആദ്യ സോങ് എത്തുക.
















