ഇംഫാൽ: ഈ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാനായി മണിപ്പൂരിൽ കോൺഗ്രസും സിപിഎമ്മും അടക്കം ആറ് പാർട്ടികളുടെ സഖ്യം രൂപവത്കരിച്ചു. ‘മണിപ്പൂർ പുരോഗമന മതേതര സഖ്യം’ എന്ന മുന്നണി ശനിയാഴ്ച സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്താണ് പ്രഖ്യാപിച്ചത്. സിപിഐ, ആർ എസ് പി, ജെ ഡി(എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയാണ് സഖ്യത്തിലെ മറ്റു കക്ഷികൾ. 18 ഇന പൊതു അജണ്ടയും പുറത്തിറക്കി.
കോൺഗ്രസും സിപിഐയും കാക്ച്ചിങ് സീറ്റിൽ നേരത്തേ സ്ഥാനാർഥികളെ മത്സരരംഗത്ത് ഇറക്കിയതിനാൽ ഇരു പാർട്ടികളും തമ്മിൽ സൗഹൃദ പോരാട്ടമായിരിക്കും നടക്കുക. ഇംഫാൽ ഈസ്റ്റിലെ ഖുറായി സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പകരം സിപിഐയിലെ ആർ കെ അമുസനയെ പിന്തുണയ്ക്കും. പുതിയ സർക്കാർ ജനാധിപത്യവും ഭരണഘടനയും വൈവിധ്യവും സംരക്ഷിക്കുമെന്ന് എ ഐ സി സി നേതാവ് ജയ്റാം രമേശ് പറഞ്ഞു.
















