ബി ആര്‍ ചോപ്രയുടെ മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ പരമ്പരയിൽ ഭീമസേനനെ അവതരിപ്പിച്ച് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്‍തി നിര്യാതനായി. ആറര അടിയിലേറെ പൊക്കവും വലിയ ആകാരവുമുള്ള പ്രവീണ്‍ കുമാര്‍ എഴുപതുകളുടെ അവസാനം ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. പക്ഷേ അദ്ദേഹത്തിന് ലഭിച്ചതില്‍ ഏറെയും ഒരേപോലെയുള്ള വില്ലന്‍ വേഷങ്ങളാണ്. മഹാഭാരതം സീരിയലിലെ ഭീമന്‍റെ റോള്‍ ആണ്അവതരിപ്പിച്ചവയില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രം .
അഭിനയരംഗത്തേക്ക് എത്തുന്നതിനു മുന്‍പ് സ്പോര്‍ട്സ് താരം എന്ന നിലയില്‍ പേരെടുത്തയാളാണ് പ്രവീണ്‍ കുമാര്‍ സോബ്‍തി. ഹാമര്‍ ത്രോയും ഡിസ്‍കസ് ത്രോയുമായിരുന്നു പ്രാഗത്ഭ്യം തെളിയിച്ച കായികയിനങ്ങള്‍. ഈ ഇനങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി നാല് ഏഷ്യന്‍ മെഡലുകള്‍ നേടിയിട്ടുള്ള പ്രവീണ്‍ കുമാര്‍ രണ്ട് ഒളിമ്പിക്സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. സ്പോര്‍ട്‍സിലെ മികവ് പരിഗണിച്ച് ബിഎസ്എഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആയി നിയമനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
















