ചെന്നൈ: റോഡരികിലെ ഓടയിൽ തള്ളിയ സ്യൂട്ട്കെയ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുപ്പൂർ ധാരാപുരം റോഡിലെ നാലുവരിപ്പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 25 വയസ് പ്രായമുണ്ടാകും യുവതിക്കെന്നാണ് പ്രാഥമിക നിഗമനം.
ധാരാപുരം റോഡിൽ പൊല്ലികാളി പാളയത്തിനു സമീപം പുതിയതായി നിർമിച്ച നാലുവരിപ്പാതയോടു ചേർന്നുള്ള അഴുക്കുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ധരിച്ചത് നൈറ്റ് ഡ്രസാണെന്നും കൈയിൽ ടാറ്റു പതിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അഴുക്കുചാലിൽ രക്തക്കറയോടു കൂടിയ സ്യൂട്ട്കെയ്സ് കിടക്കുന്നതു കണ്ട നാട്ടുകാരാണ് തിരുപ്പൂർ റൂറൽ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്‌ഥലത്തെത്തി തുറന്നു പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
















