ന്യൂഡല്‍ഹി: കാറിന് നേരെ വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ എ.ഐ.എം.ഐ.എം. അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി കേന്ദ്ര സര്‍ക്കാരിന്റെ ‘ഇസഡ്’ കാറ്റഗറി സുരക്ഷ വാഗ്ദാനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒവൈസിക്ക് ഭീഷണിയുണ്ട്. ‘ഇസഡ്’ കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒവൈസി നിരസിച്ചു. അദ്ദേഹമത് സ്വീകരിക്കണമെന്ന് സഭയിലെ അംഗങ്ങളുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
‘രണ്ട് പേര്‍ അസദുദ്ദീന്‍ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തില്‍ താഴ്ഭാഗത്ത് വെടിയേറ്റ മൂന്ന് അടയാളങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിന് മൂന്ന് പേര്‍ ദൃസാക്ഷികളാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു’, അമിത് ഷാ പറഞ്ഞു.
മുന്‍പ് നടന്നിട്ടുള്ള സംഭവങ്ങളെല്ലാം കേന്ദ്ര ഏജന്‍സികള്‍ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒവൈസിക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് വാഹനവും ഇസഡ് കാറ്റഗറി സുരക്ഷയും ഒവൈസിക്ക് നല്‍കണമെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിര്‍ദ്ദേശം.
ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. നോയിഡ സ്വദേശി സച്ചിന്‍, സഹരാന്‍പൂര്‍ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ‘ഹിന്ദു വിരുദ്ധ’ പരാമര്‍ശങ്ങളിലും രാമജന്മ ഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ട് പ്രതികളും അസ്വസ്ഥരായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്നും യുപി എഡിജി (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത കുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പരസ്പരം പരിചയമുള്ളതായി വ്യക്തമായി. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച യു.പിയിലെ മീററ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്ന വഴി ഒവൈസിയുടെ വാഹനത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായിരുന്നു. മീററ്റിലെ കിതൗധ് മേഖലയില്‍വെച്ചായിരുന്നു ആക്രമണം നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിക്ക് സി.ആര്‍.പി.എഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇസഡ് കാറ്റഗറി സുരക്ഷ അസദുദ്ദീന്‍ ഒവൈസി നിരസിച്ചിരുന്നു.
തനിക്ക് മരണത്തെ ഭയമില്ലെന്നും തന്നെ എ കാറ്റഗറി പൗരനായി കണ്ടാല്‍ മാത്രം മതിയെന്നും വിശദീകരിച്ചാണ് മുന്‍പ് ഒവൈസി ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ചത്.
















