തൃശൂരിൽ നിന്നും എറണാകുളത്തേയ്ക്കുള്ള യാത്രക്കിടയിലാണ് പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് മാർട്ടിൻ എന്ന് പേരുള്ള ഒരു ഡ്രൈവറായിരുന്നു. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.
സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ ലാലിന്റെ ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി രേഖാമൂലം തന്നെ പരാതി നല്‍കുകയും ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയായകുകയും ചെയ്തു. തുടർന്ന് ഉപേക്ഷിക്കപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ മാര്‍ട്ടിനെ ഫെബ്രുവരി 17ന് പകൽ തന്നെ പൊലീസ് അറസ്റ്റു ചെയ്യുന്നു. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം ഓടിച്ചത് താനാണെന്ന് ചോദ്യം ചെയ്യലിൽ അയാൾ സമ്മതിക്കുകയും ചെയ്തു. ഫെബ്രുവരി 19ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായതോടെ പൊലീസിന് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചു. വടിവാള്‍ സലിം, പ്രതീപ് എന്നിവരാണ് മാര്‍ട്ടിന് പിന്നാലെ അറസ്റ്റിലായത്. പിന്തുടര്‍ന്നുള്ള അറസ്റ്റില്‍ ഫെബ്രുവരി 20ന് തമ്മനം സ്വദേശിയായ മണികണ്ഠനും അറസ്റ്റിലാകുന്നു.
ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. മുമ്പ് നടൻ മുകേഷ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അത് പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്ക് നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് കാര്യങ്ങൾ സംഭവിച്ചത്. ആക്രമിക്കപ്പെട്ട നടി ഇവർക്കെതിരെ പരാതി നൽകി. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു, എന്നിവരായിരുന്നു. ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. 2017 ജൂണ്‍ മാസത്തിലാണ് നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ഒരാൾ ശ്രമിക്കുന്നു എന്നായിരുന്നു ദിലീപിന്റെ ആരോപണം. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഗോശ്രീ പാലത്തില്‍ കളഞ്ഞെന്നും ദൃശ്യങ്ങള്‍ കൈവശമില്ലെന്നുമായിരുന്നു അപ്പോഴും പൾസർ സുനി വെളിപ്പെടുത്തിയത്. എന്നാല്‍ സുനിയുടെ കൂടെയുള്ള പൊലീസുകാരനായ അനീഷിന്റെ ഫോണില്‍ നിന്ന് നടന് ഫോണ്‍ കോള്‍ എത്തിയതും സഹ തടവുകാരനായ വിപിന്‍ലാല്‍ പ്രതിക്ക് വേണ്ടി കത്തെഴുതിയതും കേസിൽ വഴിത്തിരുവാകുന്നു.
മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന ദിലീപ് പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്. കേസില്‍ നടന്‍ ദിലീപിന്റേയും സംവിധായകന്‍ നാദിര്‍ഷായുടേയും മൊഴിയെടുത്തുക്കുന്നത് ജൂലൈ 10നാണ്. 13 മണിക്കൂറോളമാണ് അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്. തുടര്‍ന്ന് ജൂലൈ 10ന് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് നിഗമനത്തിലെത്തിയത്. ഗള്‍ഫില്‍ നടന്ന താരസംഘടനയുടെ പരിപാടിയില്‍ കാവ്യയുമൊത്ത് നൃത്തം ചെയ്യുന്ന ദിലീപിന്റെ ദൃശ്യങ്ങള്‍ ആദ്യഭാര്യയായ മഞ്ജുവിന് അയച്ച് നല്‍കിയതാണ് വ്യക്തി വൈരാഗ്യത്തിലേക്ക് നീങ്ങിയതെന്നും പരാതിക്കാരിയായ നടിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടർന്ന് ജൂലൈ 12ന് ദിലീപിനെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.ജൂലായ് 15ന് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളുന്നതോടെ ജൂലൈ 24ന് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നു.ജൂലായ് 25 ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയും തള്ളുന്നു.
ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി. നടന്റെ പേരു ഉയർന്നുവന്നപ്പോൾത്തന്നെ അയാളും ബന്ധപ്പെട്ട വ്യക്തികളും ഇതു വ്യാജമാണെന്നാണു വ്യക്തമാക്കുകയുണ്ടായി. 2020 ജനുവരി 1ന് നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ കോടതി വിചാരണ തുടങ്ങുന്നു. 8ാം പ്രതിയായ ദിലീപ് ഉള്‍പ്പടെ 10 പ്രതികളും കോടതിയില്‍ ഹാജരാകുന്നു. പ്രതികള്‍ക്കായി ഹാജരായ 30 അഭിഭാഷകരില്‍ 19 പേരും നടന്‍ ദിലീപിനായി ഹാജരായവര്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.ഇവിടെ 359 പേരുടെ സാക്ഷിപ്പട്ടികയില്‍ 136 സാക്ഷികളെ ആദ്യഘട്ടത്തില്‍ വിസ്തരിച്ചു.
സിദ്ധിഖും രമ്യാ നമ്ബീശനും മൊഴിമാറ്റിയത് ഈ ഘട്ടത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങാന്‍ കാരണമായി. ഇതോടൊപ്പം സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കേസില്‍ കൂറുമാറിയതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, നടന്‍ ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ മൊഴി മാറ്റി പറഞ്ഞത്.ഇതിനിടയിൽ കേസിലെ പ്രോസിക്യൂട്ടര്‍ രാജിവച്ചു.നടി ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ തനിക്ക് ഓഫര്‍ വന്നെന്ന് ആരോപിച്ച് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിണ്‍സണ്‍ ഈസമയം രംഗത്തെത്തുന്നു. 5 സെന്റ് വസ്തുവും 25ലക്ഷം രൂപയുമാണ് പ്രതിഫലം പറഞ്ഞതെന്നും ജിണ്‍സണ്‍ മൊഴില്‍കുന്നു.ജാമ്യത്തിലിറങ്ങിയ കേസിലെ മറ്റൊരു പ്രതി വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി വഴി ശ്രമിച്ചെന്നും ആരോപണം ഇതിനിടയ്ക്ക് ഉയര്‍ന്നിരുന്നു.
ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി. പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു. ക്രൂരമായ പീഡനം പകർത്തിയ ദൃശ്യങ്ങൾ നടന് ലഭിച്ച വഴി വിശദമായ അന്വേഷണങ്ങളിലൂടെ പോലീസ് മനസ്സിലാക്കിയിരുന്നു. പീഡനത്തിനുശേഷം പ്രതി ആദ്യം കോയമ്പത്തൂർ നഗരത്തിലേയ്ക്ക് കടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ദുരൂഹമായി അപ്രത്യക്ഷമായിരുന്നു. ഇത് കൊച്ചിയിലെ ഗോശ്രീ പാലത്തിൽനിന്ന് കായലിലേയ്ക്ക് എറിഞ്ഞു കളഞ്ഞുവെന്നു പ്രതി മൊഴി നൽകിയതനുസരിച്ച് പ്രദേശം പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇതു കണ്ടെത്തുവാൻ സാധിച്ചില്ല.
പോലീസ് ഉദ്യോഗസ്ഥനായ അനീഷ് സുനിയുടെ സഹതടവുകാരൻ വിപിൻലാൽ എന്നിവർ കേസിലെ മാപ്പുസാക്ഷികളാണ്. നടൻ ഉൾപ്പെടെയുള്ള ആദ്യ എട്ടു പ്രതികളുടെ പേരിൽ കൂട്ട ബലാത്സംഗ കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതിൽ 1 മുതൽ 7 വരെ പ്രതികൾ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികൾ, 12 രഹസ്യമൊഴികൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഈ കേസിൽ പ്രതികളായി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിങ്ങനെ രണ്ട് അഭിഭാഷകരുമുണ്ട്. നടന്റെ മുൻഭാര്യയെയും സിനിമാ രംഗത്തെ മറ്റു ചില പ്രമുഖരേയും സാക്ഷിപ്പട്ടികയിലുൾപ്പെടുത്തിയിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ തന്നെ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.
ഈ സംഭവത്തിൽ ഒരു ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയവരിൽ ഒരാൾ മഞ്ജു വാര്യർ ആയിരുന്നു. ഇക്കാര്യത്തിൽ ആദ്യകാലത്ത് കടുത്ത നിലപാടുകാരിയായിരുന്നു അവർ. കേസിന്റെ അന്വേഷണം ദിലീപ് എന്ന നടനിൽ എത്തിയ സാഹചര്യത്തിൽ ഒട്ടേറെ അട്ടിമറി ശ്രമങ്ങളും നടന്നിരുന്നു. മലയാള സിനിമയിൽ നിന്നുള്ള മറ്റ് ചില വ്യക്തികളായിരുന്നു ഇതിനു പിന്നിൽ ചരടുവലികൾ നടത്തിയതെന്നായിരുന്നു വാർത്തകൾ. കേസിൽ പൾസറിനുവേണ്ടി വാദിച്ചത് ഒരു സുപ്രസിദ്ധ അഭിഭാഷകനായിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നിഗൂഢ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായെങ്കിലും കേരളാ പോലീസ് ഇതിനെയെല്ലാം അതിജീവിക്കുകയും കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ മുഖംമൂടി നീക്കി പുറത്തു കൊണ്ടുവരുകയും നടൻ ഉൾപ്പെടെയുള്ളവരെ ജയിലിലടയക്കുകയും ചെയ്തു.
എന്നിരുന്നാലും എട്ടാം പ്രതിയായിരുന്ന നടൻ അറസ്റ്റ് ചെയ്യപ്പെടുകയും 90 ദിവസത്തെ ജയിൽവാസത്തിനുശേഷം സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും അയാൾക്കു വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപ് കേസിന്റെ ഉള്ളറകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയതോടെ കേസ് ഇപ്പോൾ മറ്റൊരു തലത്തിലെത്തി നിൽക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്നുമായിരുന്നു ബാലചന്ദ്ര കുമാര്‍ അവകാശപ്പെട്ടത്. സംവിധായകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി ഫോണ്‍ അടക്കം പിടിച്ചെടുത്തു.കൂട്ടത്തിൽ ആലുവയിലെ സൂര്യ ഹോട്ടൽ ഉടമയായ ശരത് എന്ന ‘വിഐപിയേയും’ പോലീസ് തിരിച്ചറിഞ്ഞു.ദിലീപിന്റെ ബിനാമിയും ഗൂഡാലോചനയിൽ പങ്കാളിയുമായിരുന്നു ‘വിഐപി’ എന്നറിയപ്പെട്ടിരുന്ന ഇയാൾ.
ദിലീപിന്റെ ആലുവയിലെ വീട്ടിൽ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധനയ്ക്ക് ഒടുവില്‍ ദിലീപിന് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.തുടർന്ന് മുഖ്യ ആസൂത്രികന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.തെളിവായി കൊച്ചിയിലെ ഒരു ക്വട്ടേഷന്‍ സംഘത്തെ ദിലീപ് സമീപിച്ചതിന്റെ ഫോണ്‍ ശബ്ദ രേഖയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയത്. തന്റെ മേല്‍ കൈവച്ച അന്വേഷണ ഉദ്യോഗസ്ഥനായ സുദര്‍ശനനെയും ഡിവൈഎസ്പി ബിജു പൗലോസിനെയും അപായപ്പെടുത്താന്‍ ഗുണ്ടാ സംഘത്തിന് കൊട്ടേഷന്‍ നല്‍കുന്ന ഫോണ്‍ സന്ദേശമായിരുന്നു ഇത്. ഈ സന്ദേശം കോടതിക്ക് ലഭിച്ചതോടെയാണ് കോടതി അസ്വസ്ഥപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് നിരീക്ഷിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത് അതീവ ഗൗരവതരമായ വെളിപ്പെടുത്തലെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. കേസില്‍ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അന്വേഷണം സുഗമമായി നടക്കണമെന്നും പിന്നീട് കോടതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപും മറ്റ് പ്രതികളും അടുത്ത 3 ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതോടെ അടുത്ത ദിവസം മുതൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എന്നാൽ മൂന്ന് ദിവസവും ചോദ്യം ചെയ്യുകയും കേസുമായി ബന്ധമുള്ള പലരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.
കേസിൽ പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ തമ്മിൽ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ തെളിവായ ശബ്ദരേഖയിലെ ശബ്ദം ദിലീപിൻ്റേതെന്നു സ്ഥിരീകരിക്കാനാണ് അന്വേഷണസംഘം ചിലരെ വിളിച്ചു വരുത്തിയത്. പലരും ശബ്ദം ദിലീപിൻ്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ട് ദിവസവും ദിലീപ് നൽകിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച ചോദ്യങ്ങളായിരുന്നു മൂന്നാം ദിവസം ഉണ്ടായിരുന്നത്. കൂടാതെ വീഡിയോ തെളിവുകള്‍ ഉപയോഗിച്ചും ചോദ്യം ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ പ്രതിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദങ്ങളോടു ചേര്‍ന്നു നിൽക്കുന്നതായിരുന്നു ദിലീപിൻ്റെ മറുപടികള്‍. ദിലീപിനു മുന്നിൽ അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ സംവിധായകൻ ബാലചന്ദ്ര കുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്‍റെ നിലപാട്. അവസാന ദിവസം ക്രൈം ബ്രാഞ്ച് എസ്പി എസ് ശ്രീജിത്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ അപഗ്രഥിച്ചു. ശബ്ദരേഖയിൽ കേള്‍ക്കുന്നത് ദിലീപ് അടക്കം അഞ്ച് പേരുടെ ശബ്ദമാണെന്ന് സ്വതന്ത്രമൊഴികളിലൂടെ സ്ഥിരീകരിക്കാൻ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികള്‍ കേസിലെ തെളിവ് നശിപ്പിച്ചെന്നും ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പ്രതികള്‍ ഫോണുകള്‍ മാറ്റിയത് തെളിവുകള്‍ ഇല്ലാതാക്കാനാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാക്കിയത് പുതിയ മൊബൈൽ ഫോണുകളായിരുന്നു. പഴയ ഫോണുകള്‍ ഹാജരാക്കാൻ പ്രതികള്‍ക്ക് നോട്ടീസ് നൽകി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കിയാണ് കേസ് എടുത്തത്. ദിലീപ് ആയിരുന്നു ഒന്നാം പ്രതി. തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയത് ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ ശബ്ദരേഖകൾ മിമിക്രിയാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ദിലീപിനെതിരായ ആരോപണങ്ങള്‍ ഏറെ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി തള്ളിക്കളയുകയായിരുന്നു.
ഹൈക്കോടതിയില്‍ ഏതാണ്ട് മൂന്നാഴ്ചക്കാലം നിണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ഫെബ്രുവരി 7 തിങ്കളാഴ്ച കേസിൽ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. എന്നാൽ വിധി വന്നതോടെ ഇവർ സ്ഥലംവിട്ടു. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ ഉടൻതന്നെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വധഗൂഢാലോചനക്കേസില്‍ ദിലീപിനും കൂട്ടുപ്രതികൾക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.