സിനിമാതാരങ്ങളും മറ്റ് സെലിബ്രിറ്റികളും കൂടുതലായും പഴികേൾക്കുക ശരീരത്തിന്റെ പേരിലാകും. പ്രത്യേകിച്ചും വനിതാ സെലിബ്രിറ്റികൾ. തങ്ങളുടെ ശരീരത്തിലെ കുറവുകളുടെ പേരിൽ നവമാദ്ധ്യമങ്ങളിലൂടെയും മറ്റും നേരിടുന്ന ആക്ഷേപങ്ങൾ കുറവായിരിക്കില്ല. തടിച്ചുവെന്നും മെലിഞ്ഞുവെന്നും നിറം മങ്ങിയെന്നും പ്രായമായെന്നുമൊക്കെയുള്ള കളിയാക്കലുകൾ നിരന്തരം നേരിടേണ്ടി വരുന്ന നിരവധി സിനിമാ താരങ്ങളുണ്ട്. പരിഹാസങ്ങൾ അതിരുവിടുമ്പോൾ വിഷാദരോഗങ്ങളിൽ എത്തിപ്പെടുന്ന സിനിമാക്കാരും ഏറെയാണ്. പക്ഷെ ഇതിൽ നിന്ന് വ്യത്യസ്തയാവുകയാണ് തെന്നിന്ത്യൻ- ബോളിവുഡ് താരം ഇല്യാന ഡിക്രൂസ്. തന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ബോഡി ഷെയിമിംഗിനെതിരെ പ്രതികരിക്കുന്നത്.
ഈ ശരീരത്തെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലെ സ്വിംവെയർ ധരിച്ചു നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. “ചില ആപ്പുകളുടെ സഹായത്താൽ നിങ്ങളെ കൂടുതൽ മെലിഞ്ഞതും നിറമുള്ളവളുമാക്കി മാറ്റാൻ സാധിക്കും. അതെല്ലാം ഒഴിവാക്കി ഞാൻ യഥാർത്ഥത്തിൽ എങ്ങനെയാണോ അങ്ങനെയൊരു ചിത്രം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും താരം കുറിച്ചു.
















