സമകാലിക ഇന്ത്യയിൽ മത വിദ്വേഷത്തിന്റെ പേരിലുള്ള പോര് തുടരുന്നതിനിടെ ഇന്ത്യയുടെ മതേതരത്വത്തെ വിളിച്ചോതുന്ന ഒരു ചിത്രം ഇപ്പോൾ രാജ്യത്താകെ വൈറലാണ്. കൈകൾ തുറന്ന് പ്രാർത്ഥിക്കുന്ന ഒരു ഇസ്‌ലാം മത വിശ്വാസിയും കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ഒരു ഹിന്ദു മത വിശ്വാസിയും ഒരേ ഫ്രേയിമിൽ നിൽക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇപ്പോൾ ഇന്ത്യയിൽ വൈറൽ ആയിരിക്കുന്നത്. എന്നാൽ അവിടെയും വിഷം കലക്കുകയാണ് സംഘപരിവാർ.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജർ പൂജ ദദ് ലാനിയും അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങായിരുന്നു പ്രസ്തുത ഫോട്ടോ. ഷാരൂഖ് ഖാൻ കൈകളുയർത്തി ദൈവത്തോട് പ്രാർത്ഥിക്കുകയും തൊട്ടടുത്ത് നിന്ന് പൂജ കൈകൾ കൂപ്പി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ ഫോട്ടോക്ക് വലിയ വരവേൽപ്പാണ് ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ ഫോട്ടോ നിമിഷ നേരം കൊണ്ട് പങ്കുവെച്ചത്. എല്ലാ പ്രധാന സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ചിത്രം പങ്കുവെക്കപ്പെട്ടു.
എന്നാൽ ഈ മതേതര കാഴ്ച കണ്ട് സഹിക്കാൻ കഴിയാത്ത രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികൾ വർഗീയത പരത്തുന്ന പോസ്റ്ററുമായി രംഗത്ത് വന്നിരിക്കുകയാണ്. ഷാരൂഖ് ഖാൻ പ്രാർത്ഥനക്ക് ശേഷം ലത മങ്കേഷ്കറുടെ ഭൗതിക ശരീരത്തിൽ തുപ്പി എന്ന തരത്തിലാണ് പ്രചാരണം. പ്രാർത്ഥനക്ക് ശേഷം ഷാരൂഖ് തന്റെ വിശ്വാസപ്രകാരം ഊതുന്ന ചിത്രമാണ് തുപ്പിയത് ആക്കി വർഗീയത കലർത്തി പ്രചരിപ്പിക്കുന്നത്.
എല്ലാ തരം മത വിശ്വാസങ്ങളിലും വസ്തുക്കളിൽ പ്രാർത്ഥിച്ച് ഊതുക സാധാരണ ചെയ്യാറുള്ളതാണ്. പ്രാർത്ഥനകളും മന്ത്രങ്ങളും വിശ്വസിക്കുന്നവർ എല്ലാം അതൊരു ആചാരമായി ചെയ്യാറുണ്ട്. എന്നാൽ അത് ഷാരൂഖ് ഖാൻ ചെയ്തപ്പോൾ അതിനെ തുപ്പൽ ആക്കി വർഗീയത പരത്താൻ ശ്രമിക്കുകയാണ് രാജ്യത്തെ മതേതരത്വത്തെ ഭയക്കുന്ന ശക്തികൾ.
വിഷയത്തിൽ നിരവധിപേർ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം തുടരുകയാണ്. മതാന്ധതയും വർഗീയതയും തലക്ക് പിടിച്ച ജനക്കൂട്ടം വലിയ തോതിലാണ് പ്രചാരണം നടത്തുന്നത്. ഇത്തരം നുണപ്രചാരണം നേടുന്ന സ്വീകാര്യത ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ ഇത്തരം ദുഷ്‌പ്രചാരണത്തിനെതിരെ മതേതരത്തിൽ വിശ്വസിക്കുന്ന നിരവധിപേർ രംഗത്ത് വരുന്നത് ആശ്വാസം പകരുന്ന കാഴ്ചയാണ്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രധാനപ്പെട്ട പോസ്റ്റുകളിൽ ഒന്ന് ഇങ്ങനെയാണ്:
എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറിൽ പേറിയാലാകും ലതാജിയുടെ മൃതദേഹത്തിൽ ഷാരൂഖ് ഖാൻ തുപ്പിയെന്ന് ചിന്തിക്കാനാവുക! അതിലെത്ര മടങ്ങ് വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക.
അജയ് യാദവെന്ന ഹരിയാന ബിജെപി നേതാവ് തുടങ്ങിവച്ച വിഷപ്രചാരണം ഏറ്റെടുക്കാൻ മലയാളം സാമൂഹിക മാധ്യമങ്ങളിൽ വരെ എത്ര പേർ… എന്തൊരു ചീഞ്ഞളിഞ്ഞ കാലമാണ്.
പ്രിയപ്പെട്ടവർക്ക് സ്വന്തം വിശ്വാസപ്രകാരം അന്ത്യയാത്രാമൊഴി പറയാനും പ്രാർത്ഥിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കും വിഷപ്രയോഗം നടക്കുന്ന പുതിയ ഇന്ത്യ. His name is Khan and he is not a terrorist എന്ന് പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഗതികേട് ! ചെംഗിസ്ഖാനെ വരെ ജിഹാദിയാക്കുമ്പോളാണ്..
ലതാ മങ്കേഷ്കറിന് ദുആ ചൊല്ലുന്ന ഷാരൂഖ് ഖാനാണ് ഇന്ത്യ, മൊല്ലാക്കയും ക്രിസ്മസ് പപ്പയും പൂജാരിയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ഷൂട്ടല്ല.
മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്:
കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിൻ്റെ ഭൗതിക ശരീരത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തുപ്പി എന്ന രീതിയിൽ വലിയ രീതിയിൽ വ്യാജ പ്രചരണം നടക്കുന്നുണ്ട്.
ലതയുടെ അന്തിമ കർമ്മങ്ങൾ നടന്ന ശിവാജി പാർക്കിലെത്തി ഷാരൂഖ് ഖാൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാർത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് അദ്ദേഹത്തിന്റെ വിശ്വാസപ്രകാരം ഊതിയതായാണ് കാണുന്നത്, ഇതിനെയാണ് തുപ്പി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്.
നിഷ്പക്ഷരെന്നും യുക്തിവാദികൾ എന്നും വിളിപ്പേരുള്ള ചിലർ അതിനെ എതിർത്തു രംഗത്ത് വരും, ഊതിയത് ആണെങ്കിൽപ്പോകും ഷാരുഖ് അവിടെ പോയി അങ്ങനെ ചെയ്തത് ശരിയായില്ല എന്ന രീതിയിൽ വർഗീയവാദികളെയും വിശ്വാസികളെയും സമീകരിക്കുന്ന രീതിയിൽ ട്രിപ്പീസ് തിയറി ഇറക്കും.
ഹിന്ദുത്വ ഭീകരർ ഈ വിഷയത്തിൽ വിറളി പിടിക്കുന്നതിൽ അതിശയിക്കാനില്ല, ഷാരൂഖ് വലിയ ഒരു സന്ദേശം ആണ് രാജ്യത്തിന് കൊടുത്തത്, ഓരോരുത്തർക്കും അവരുടെ രീതിയിൽ പ്രാർത്ഥിക്കാം ,ഉപചാരം അർപ്പിക്കാം എവിടേയും, ഇന്ത്യക്കാർ ഇതുവരെയും അങ്ങനെയായിരുന്നു നാളെയും അങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു.
എന്റെ ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്,ഹിന്ദുത്വ റിപ്പബ്ലിക് അല്ല.
ഷാരൂഖ് ഖാനോടൊപ്പം,നിരുപാധികം.