മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ യാത്രയായി. സംഗീത ഇതിഹാസത്തിന് രാജ്യം അന്ത്യാഞ്ജലിക്കൾ അര്‍പ്പിച്ചു. ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിഖ്യാത ഗായികയ്ക്ക് ആദാരഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഷാരൂഖിൻ്റെ മാനേജര്‍ പൂജ ദദ്‌ലാനിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത് വൈറല്‍ ചിത്രത്തില്‍ കാണാം. ഷാരൂഖ് ഖാൻ്റെ ഏറ്റവും വിജയകരമായ പല സിനിമകളും ലതാ മങ്കേഷ്‌കറുടെ ശബ്ദത്താല്‍ അനശ്വരമായിട്ടുണ്ട്. ഷാരൂഖ് ഖാനും മനേജര്‍ പൂജ ദദ്‌ലാനിയും അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രത്തിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്.
ഷാരൂഖ് ലതാ മങ്കേഷ്‌കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു. കൈ കൂപ്പി പൂജ ദദ്‌ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ ‘മതേതര ഇന്ത്യയുടെ ചിത്രം’ എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്. പക്ഷേ, പ്രാർഥനാ നിർഭരമായ ആ ചിത്രത്തെത്തയും ഹിന്ദുത്വ തീവ്രവാദികൾ വെറുതെ വിട്ടില്ല. ‘ദുആ’ ചെയ്ത ശേഷം മാസ്ക് മാറ്റിയ ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്ന നിലക്കുള്ള പ്രചാരണങ്ങളാണ് അവർ നടത്തുന്നത്.
ഒരു പടികൂടി കടന്ന് മുസ്‍ലിംകളെ ഇനി ഹിന്ദുക്കളുടെ സംസ്കാര വേളകളിൽ പങ്കെടുപ്പിക്കരുത് എന്നും ഹിന്ദുത്വ വിദ്വേഷ പ്രചാരകർ മുറവിളി കൂട്ടുന്നു. ട്വിറ്റർ, ഫേസ് ബുക്ക് വഴി അവർ വിദ്വേഷ പ്രചാരണം തുടരുകയാണ്. ഇത് സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ വന്ന ഒരു പോസ്റ്റ് ഇങ്ങനെ: ‘എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറിൽ പേറിയാലാകും ലതാജിയുടെ മൃതദേഹത്തിൽ ഷാരൂഖ് ഖാൻ തുപ്പിയെന്ന് ചിന്തിക്കാനാവുക! അതിലെത്ര മടങ്ങ് വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക. അജയ് യാദവെന്ന ഹരിയാന ബിജെപി നേതാവ് തുടങ്ങിവച്ച വിഷപ്രചാരണം ഏറ്റെടുക്കാൻ മലയാളം സാമൂഹിക മാധ്യമങ്ങളിൽ വരെ എത്ര പേർ… എന്തൊരു ചീഞ്ഞളിഞ്ഞ കാലമാണ്.
പ്രിയപ്പെട്ടവർക്ക് സ്വന്തം വിശ്വാസപ്രകാരം അന്ത്യയാത്രാമൊഴി പറയാനും പ്രാർത്ഥിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കും വിഷപ്രയോഗം നടക്കുന്ന പുതിയ ഇന്ത്യ. His name is Khan and he is not a terrorist എന്ന് പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഗതികേട് ! ചെങ്കിസ്ഖാനെ വരെ ജിഹാദിയാക്കുമ്പോളാണ്.. ലതാ മങ്കേഷ്കറിന് ദുആ ചൊല്ലുന്ന ഷാരൂഖ് ഖാനാണ് ഇന്ത്യ, മൊല്ലാക്കയും ക്രിസ്മസ് പപ്പയും പൂജാരിയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ഷൂട്ടല്ല.’
മുംബൈ ശിവാജി പാര്‍ക്കില്‍ അന്തിമോപചാര ചങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.
















