ബോളിവുഡ് സിനിമയുടെ ഏഴ് പതിറ്റാണ്ട് കാലത്ത് അവിടം അടക്കിവാണിരുന്ന മിക്ക നായിക നടിമാരുടേയും ശബ്ദമായി ലതാജി മാറിയപ്പോൾ മലയാളത്തിൽ അതിന് ഭാഗ്യം ലഭിച്ച ഒരേയൊരു നടി ജയഭാരതിയായിരുന്നു. 1974ൽ പുറത്തുവന്ന ‘നെല്ല്’ എന്ന സിനിമയ്ക്ക് വേണ്ടി വയലാർ എഴുതി ഇതിഹാസ സംഗീതജ്ഞൻ സലിൽ ചൗധരി സംഗീതം നിർവഹിച്ച ‘കദളി, കൺകദളി, ചെങ്കദളി പൂവേണോ…’ എന്ന പാട്ടുവഴിയാണ് ലതാജിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. നമ്മൾ ഇന്നും ഏറ്റുപാടുന്ന ഈ ഒരൊറ്റ മലയാള ഗാനമാണ് ലതാ മങ്കേഷ്‌കറിൻ്റെ ശബ്ദത്തിൽ നാം കേട്ടത്.
ജയഭാരതി പാടി അഭിനയിച്ച ഗാനം ഇന്നും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടഗാനമാണ്. എന്നാൽ ഈ ഗാനത്തിന് ശേഷം മലയാളത്തിൽ മറ്റൊരുഗാനം ആലപിക്കാൻ ലതാ മങ്കേഷ്കർ തയാറായില്ല. എത്ര ശ്രമിച്ചിട്ടും വഴങ്ങാതെ നിന്ന മലയാള ഭാഷ തന്നെയാണ് അതിന് കാരണമായത്. ‘കദളി കൺകദളി’ എന്ന ഗാനം ശ്രദ്ധ നേടിയെങ്കിലും ഉച്ഛാരണ വൈകല്യം വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇത് മനസിലാക്കിയാണ് പിന്നീട് മലയാളത്തിൽ പരീക്ഷണം നടത്താൻ ഗായിക മുതിരാതിരുന്നത്.
നെല്ലിലേക്ക് വരുന്നതിനു മുൻപു തന്നെ മലയാളത്തിൽ നിന്ന് ലതാ മങ്കേഷ്കർക്ക് ക്ഷണം എത്തിയിരുന്നു. ചെമ്മീൻ സിനിമയിലെ ഗാനം ആലപിക്കാൻ. ചിത്രത്തിലെ സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ ക്ഷണം ലതാ മങ്കേഷ്കർ സ്വീകരിച്ചിരുന്നെങ്കിലും അന്നും ഭാഷ വില്ലനാവുകയായിരുന്നു. ചെമ്മീനിലെ ഹിറ്റ് ഗാനം ‘കടലിനക്കരെ പോണേരേ…’ യാണ് ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചിരുന്നത്. സലിൽ ചൗധരി ആവശ്യം പറഞ്ഞപ്പോൾ ആദ്യം മടിപറഞ്ഞെങ്കിലും സ്നേഹപൂർണമായ നിർബന്ധത്തിനുമുന്നിൽ അവർ സമ്മതം മൂളി.
ലതാ മങ്കേഷ്കറിൻ്റെ ഉച്ഛാരണം ശരിയാക്കുക എന്നതായിരുന്ന അടുത്ത കടമ്പ. ഇതിനായി നിയോഗിച്ചത് മലയാളത്തിൻ്റെ ഗന്ധർവ ഗായകൻ യേശുദാസിനെ. താൻ ബാല്യം മുതൽ ആരാധിച്ചിരുന്ന ഗായികയെ പാട്ട് പഠിപ്പിക്കുക എന്നത് യോശുദാസിനെ സംബന്ധിച്ചിടത്തോളം സ്വപ്‍ന തുല്യമായിരുന്നു. താമസിക്കാതെ സംവിധായകൻ രാമു കാര്യാട്ടിൻ്റെ നിർദേശപ്രകാരം സിനിമാ ടീം മുംബൈയിൽ എത്തി ലതാജിയെ കണ്ടു, പാട്ടും പറഞ്ഞു കൊടുത്തു.
പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്‌ക്കു കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ അവർ സമ്മതിച്ചില്ല. അങ്ങനെയാണു ‘കടലിനക്കരെ പോണോരേ…’ യേശുദാസ് പാടുന്നത്. ലതയെ മലയാളത്തിൽ പാടിക്കണം എന്ന ആഗ്രഹം സലിൽദായ്‌ക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് നെല്ലിലെ കദളി ആലപിക്കുന്നത്. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്കര്‍. 1942 മുതല്‍ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്‍റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്. ഭാഷാവൈവിധ്യങ്ങളുടെ നാട്ടില്‍ ഒരു ജനതയെ ആകെ പാട്ടിലാക്കി ആ അനുപമമായ ശബ്ദമാധുര്യം.
















