ഇന്ത്യൻ ജീവിതത്തിന്റെ താളമായിരുന്നു ലത മങ്കേഷ്‌കർ എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച പാട്ടുകാരി. ഓരോ വ്യക്തിയുടെയും സന്തോഷത്തിലും ദുഃഖത്തിലും പ്രതീക്ഷയിലും സ്വപ്നങ്ങളിലും പ്രണയത്തിലും നൈരാശ്യത്തിലും ആഘോഷത്തിലും എന്നുവേണ്ട, ഏതെങ്കിലും ഒരു സന്ദർഭത്തിലെങ്കിലും ആ സ്വരം കയറിയിറങ്ങാത്ത പോയിട്ടുണ്ടാകില്ല. മനസ്സിൽ താലോലിച്ച നിരവധി സന്ദർഭങ്ങളിൽ ബാക് ഗ്രൗണ്ട് ആയി ലതാജിയുടെ ശബ്ദത്തിലുള്ള പാട്ടുകൾ ഉണ്ടായിട്ടുണ്ട്.
36 പ്രാദേശിക, വിദേശ ഭാഷകളിലായി 27,000ൽപ്പരം ഗാനങ്ങൾ ലതാജിയുടെ ശബ്ദത്തിലൂടെ പിറന്നു. 27,000 പാട്ടുകൾ എന്നാൽ കുറഞ്ഞത് അഞ്ച് മിനുട്ട് വെച്ച് കണക്കാക്കിയാൽ ഏകദേശം 1,35,000 മിനുട്ടുകൾ അവർ പാടി. അതായത് മൂന്ന് മാസം തുടർച്ചായി കേട്ടാൽ പോലും തീരാത്ത അത്രയും പാട്ടുകൾ അവർ തന്റെ 92 വയസ്സ് കാലത്തെ ജീവിതത്തിനിടയിൽ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
മൂന്ന് ദേശീയ അവാർഡുകൾ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം, ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരങ്ങൾ മുതൽ അവർ നേടിയ അവാർഡുകൾക്ക് കയ്യും കണക്കുമില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. തുടക്കകാലത്ത് സ്വരം മോശമെന്ന പേരിൽ പലപ്പോഴും ലതാജിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. എന്നാൽ അന്ന് അങ്ങനെ പറഞ്ഞവരെക്കൊണ്ട് തന്നെ പിന്നീട് അവർ തന്റെ പാട്ടിന് കയ്യടിപ്പിച്ചിട്ടുണ്ട് എന്നത് കാലത്തിന്റെ നീതി.
1942ൽ 13ാം വയസ്സിലാണ് ലത മറാഠി സിനിമയിൽ പാടിത്തുടങ്ങുന്നത്. ‘കിതി ഹസാൽ’ എന്ന സിനിമയിലെ ‘നാച്ചുയാഗഡേ, കേലു സാരി’ എന്ന ആദ്യഗാനം പക്ഷേ പുറത്തുവന്നില്ല. പിറ്റേവർഷം ‘ഗജാഭാവു’ എന്ന ചിത്രത്തിൽ ആദ്യമായി ഹിന്ദിയിൽ പാടിയെങ്കിലും ആരാലും ശ്രദ്ധിക്കപ്പെട്ടില്ല. 1942 മുതൽ 48 വരെ നിരവധി ചിത്രങ്ങളിൽ അഭിനയത്തിൽ ഒരു കൈ നോക്കിയെങ്കിലും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല.
പിനീട്1948ൽ ഗുലാം ഹൈദറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മജ്‌ബൂർ’ എന്ന സിനിമയിലെ ‘ദിൽ മേര ധോഡ, മുഛെ കഹിൻ കാ നാ ചോര’ എന്ന ഗാനമാണ് ലതയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. 1949ൽ ‘മഹൽ’ എന്ന സിനിമയിലെ ‘ആയേഗ ആനേവാല’ എന്ന ഗാനം ഹിറ്റാവുകകൂടി ചെയ്‌തതോടെ ഇന്ത്യൻ സംഗീതത്തിന്റെ തന്നെ തലവര മാറുകയായിരുന്നു.
‘കോറ കാഗസ്, ആയേഗ ആനേവാല, തെരേ ബിന സിന്ദഗി സേ, ആപ് കി ആാഘോം മേം കുഛ് തുടങ്ങിയ വമ്പൻ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ലത മലയാളത്തിന് വേണ്ടിയും പാടിയിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിലെ ലതയുടെ ഏക ഗാനവും ഇതാണ്.
1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ