പൗരാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നതിൽ മത്സരിക്കുകയാണ് വിവിധ ലോകരാജ്യങ്ങൾ. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തെ ലക്ഷ്യം വെച്ചാണ് വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരിൽ മുന്നിൽ ഇന്ത്യയിലെ മുസ്‌ലിം വിഭാഗവും ന്യൂനപക്ഷവുമാണ്.
ഹിജാബ്, ഒരു മുസ്‌ലിം വസ്ത്ര ധാരണ രീതിയാണ്. മറ്റേത് വിഭാഗം വിശ്വാസികളും ധരിക്കുന്നത് പോലെ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം മാത്രമായ ഒരു സാധാരണ വസ്ത്രം. തങ്ങൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉണ്ടെന്ന് അവർ വിശ്വസിക്കുന്ന ഒരു വസ്ത്രം ധരിക്കാൻ മുസ്‌ലിം വിഭാഗത്തിന് അവകാശം ഉണ്ട്. അത് ഭരണഘടന നൽകുന്ന ഉറപ്പാണ്. മുസ്‌ലിം വിഭാഗത്തിന് മാത്രമല്ല എല്ലാവർക്കും ഈ അവകാശം ഉണ്ട്. പക്ഷെ അത് നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയും നിയമലംഘനവുമാണ്.
കർണാടകയിൽ മുസ്‌ലിം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഹിജാബ് ധരിച്ചതിന്റെ പേരിൽ തടയുകയാണ്. ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം പെൺകുട്ടികളെ കോളേജിൽ നിന്ന് പുറത്താക്കി അവർക്ക് മുന്നിൽ ഗേറ്റ് അടച്ച് പൂട്ടിയ വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ് എങ്കിലും സമീപ കാല ഇന്ത്യയുടെ സ്ഥിതിയനുസരിച്ച് വലിയ ഞെട്ടൽ ഉണ്ടാക്കുന്നില്ല. എങ്കിലും വിഷയം ഏറെ പ്രതിഷേധം ഉയരേണ്ടതും തടയപ്പെടേണ്ടതുമാണ്. കർണാടകയിലെ ഉഡുപ്പിയിൽ സ്‌കൂൾ വിദ്യാർത്ഥികളോടും ഹിജാബ് അണിഞ്ഞ് വരരുതെന്ന് ടീച്ചർമാർ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.
ഹിജാബിനെക്കാൾ കർണാടകയിലെ സംഘപരിവാർ സ്ഥാപനങ്ങളുടെ പ്രശ്നം അവരുടെ മുസ്‌ലിം സ്വത്വമാണ്. കാവിയണിഞ്ഞും കുരിശണിഞ്ഞും വിദ്യാർത്ഥികൾ എത്തുന്ന കാമ്പസുകളിൽ നിന്ന് ഹിജാബ് ധരിച്ചവർ മാത്രം പുറത്താകുന്നെങ്കിൽ അതിന്റെ പേര് വംശീയത എന്നല്ലാതെ പിന്നെന്താണ്? സംഘപരിവാർ ഉയർത്തിക്കൊണ്ടുവന്ന ഇസ്ലാമോഫോബിയയുടെ തുടർച്ചയാണ് ഇത്. ഗോവധത്തിനും ലവ് ജിഹാദിനും പിന്നാലെ കൊണ്ടുവരുന്ന അവരുടെ അടുത്ത അജണ്ടയായി മാത്രം വേണം ഇതിനെ കാണാൻ. കാമ്പസുകൾ എന്നും സംഘപരിവാറിന്റെ പേടി സ്വപ്നമാണ്. അതുകൊണ്ട് തന്നെ അവരുടെ അടുത്ത വർഗീയ വിത്തിറക്കാൻ അവർ ഉപയോഗിക്കുന്നതും ഈ നിലമായിരിക്കും.
ഹിജാബ് ധരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 എന്നീ വകുപ്പുകൾ നൽകുന്ന ഉറപ്പാണ്. ഹിജാബ് നിരോധിക്കുന്നതിലൂടെ ഇന്ത്യൻ പെണ്മക്കളുടെ ഭാവിയാണ് കവർന്നെടുക്കുന്നത് എന്നാണ് വിഷയത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. ഹിജാബ് ധരിക്കുന്നത് മൗലിക അവകാശമാണെന്ന് ആയിരുന്നു കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി സി.എ.എ വിരുദ്ധ പോരാട്ട സമയത്ത് നടത്തിയ ‘കലാപകാരികളെ അവരുടെ വസ്ത്രം കണ്ടാൽ തിരിച്ചറിയാം’ എന്ന പ്രസ്താവന ഈ സംഭവവുമായി ചേർത്ത് വായിക്കേണ്ടതാണ്. അന്ന് മുസ്‌ലിം വിഭാഗം കലാപമുണ്ടാക്കുന്നെന്നായിരുന്നു മോദിയുടെ ആരോപണം. തങ്ങൾ നടപ്പാക്കാൻ പോകുന്ന ഒരു കരിനിയമത്തെ എങ്ങിനെയും നടപ്പാക്കാൻ വേണ്ടിയായിരുന്നു പ്രതിഷേധിച്ചവർക്ക് നേരെയുള്ള ഇത്തരമൊരു ആരോപണം. എല്ലാ മനുഷ്യരും പങ്കെടുത്ത ഒരു സമരത്തിൽ നിന്ന് മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള അവരുടെ തന്ത്രമായി അത്. എന്നാൽ അത് വിലപ്പോയില്ല എന്ന് മാത്രം.
യു.കെ യിൽ റാഫിയ അർഷദ് എന്ന മുസ്‌ലിം യുവതി അവിടെ ജഡ്ജിയായി സ്ഥാനമേറ്റ വാർത്ത ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ആ യുവതിയുടെ തലയിൽ ഉണ്ടായിരുന്നതും ഹിജാബ് ആയിരുന്നു. പക്ഷെ ആർക്കും അത് പ്രശ്നമായിരുന്നില്ല. അതാണ് പറഞ്ഞത് ലോകം വളരുമ്പോൾ നാം വർഗീയതയിലേക്ക് ചുരുങ്ങുകയാണെന്ന്.
ഹിജാബിന്റെ കാര്യത്തിൽ കേരള സർക്കാർ കാണിച്ച വിവേചനവും ഈ അവസരത്തിൽ ചർച്ചയാകുന്നുണ്ട്. സ്റ്റുഡൻറ് പോലീസ് കേഡറ്റിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ട എന്ന തീരുമാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമേരിക്കൻ പോലീസ് ഉൾപ്പെടെ മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് ധരിക്കാനും സിഖ് വംശജർക്ക് തലപ്പാവ് ധരിക്കാനുമുള്ള അവകാശങ്ങൾ നൽകുമ്പോൾ തന്നെയാണ് ഇവിടെ ഈ കാഴ്ച കാണേണ്ടിവരുന്നത്.