തിയറ്റര്‍ വ്യവസായത്തിന് കൊവിഡ് മഹാമാരി വലിയ ആഘാതം സൃഷ്‍ടിച്ച വര്‍ഷമായിരുന്നു 2021. ബിഗ് റിലീസുകള്‍ പലതും റിലീസ് മാറ്റിവച്ച വര്‍ഷം തിയറ്ററുകളിലെത്തി വിജയം നേടിയത് നാമമാത്രമായ ചിത്രങ്ങള്‍ മാത്രമാണ്. ഏത് ഭാഷാസിനിമകള്‍ എടുത്താലും സ്ഥിതി ഇതുതന്നെ. പക്ഷെ ഒരു തെന്നിന്ത്യന്‍ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ വിജയം ബോളിവുഡിനെപ്പോലും അമ്പരപ്പിക്കുകയാണ്.
സുകുമാറിന്‍റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്‍പ കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയങ്ങളില്‍ ഒന്നാണ്. ഇപ്പോൾ ഇതാ പുതുവര്‍ഷത്തിലും ബോക്സ് ഓഫീസിലെ മികച്ച പ്രതികരണം തുടരുകയാണ് ചിത്രം.
തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലുമായി ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 17ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്. എല്ലാ മേഖലകളിലും മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ ബെല്‍റ്റിലെ പ്രതികരണമാണ് പക്ഷേ നിര്‍മ്മാതാക്കളെ അമ്പരപ്പിച്ചത്. ബാഹുബലി ഒഴിച്ചുനിര്‍ത്തിയാല്‍ നാളിതുവരെയും ഒരു തെലുങ്ക് ചിത്രം നേടാത്ത തരത്തിലുള്ള ബിസിനസ് ആണ് ഉത്തരേന്ത്യയില്‍ ചിത്രം നേടിയിരിക്കുന്നത്.
















