പുതുച്ചേരി: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ പുതുച്ചേരിയില്‍ സ്‌കൂളുകളും കോളജുകളും വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂളുകള്‍ തുറന്നതോടെ ആഴ്ചയിലെ ആറ് ദിവസവും പ്രവൃത്തിദിവസമായിരിക്കും. എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മാസ്‌ക് ധരിക്കുകയും സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതിന് മുന്‍പായി സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.ജനുവരി 10 മുതല്‍ പുതുച്ചേരിയിലും ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയിരുന്നത്.
അതേസമയം തമിഴ്നാട്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയെത്തി. ഇന്ന് 9916 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ 37, 696 ആയി. ചെന്നൈയില്‍ 1475 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനായി കുറഞ്ഞു.
















