ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാൻ്റെ’ ട്രെയിലര്‍ പുറത്ത്. വിക്രവും ധ്രുവ് വിക്രവും നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ഗ്യാങ്സ്റ്റർ നേതാവായി വിക്രം ചിത്രത്തിൽ എത്തുന്നു. ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദാ എന്ന കഥാപാത്രത്തെ ധ്രുവ് അവതരിപ്പിക്കുന്നു. വിക്രമിൻ്റെ 60ാമത്തെ ചിത്രം കൂടിയാണ് ‘മഹാന്‍’. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് ‘മഹാന്‍’. സിമ്രാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോബി സിംഹയാണ് വില്ലൻ. ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയുന്ന ചിത്രം ലളിത് കുമാർ ആണ് നിർമിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ‘മഹാൻ’ എന്ന പേരിലും ഹിന്ദിയിൽ ‘മഹാപുരുഷ’ എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സാധാരണക്കാരനായ ഒരു വ്യക്തിയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിതത്തിലേക്കാണ് വേഗമേറിയ ട്രെയിലർ നയിക്കുന്നത്. ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുള്ള ഒരു ആക്ഷൻ പാക്ക് ആഖ്യാനമാണ് സിനിമയിൽ ഒരുക്കിയിരിക്കുന്നത്.
‘മഹാൻ എന്നോടുള്ള സ്‌നേഹത്തിന്‍റെ പ്രയത്‌നമാണ്, ശക്തമായ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ ഏറ്റവും മികച്ചത് നൽകി എന്‍റെ ഒപ്പം നിൽക്കുന്നു’ -ചിത്രത്തിന്‍റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞു. ‘വിക്രമിനൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്, അദ്ദേഹത്തിന്‍റെ കരിയറിലെ 60-ാമത്തെ സിനിമ എന്ന പ്രത്യേകതയും മഹാനുണ്ട്. വിക്രമിന്‍റെയും ധ്രുവിന്‍റെയും ശ്രദ്ധേയമായ അച്ഛൻ-മകൻ ജോഡികളെ ആദ്യമായി സ്‌ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാനും സംവിധാനം ചെയ്യാനും ഈ സിനിമയിലൂടെ എനിക്ക് അവസരം ലഭിച്ചു. ആമസോൺ പ്രൈം വീഡിയോയിൽ മഹാൻ പ്രീമിയർ ചെയ്യുന്നതും ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതും കാണാൻ ഞാൻ കാത്തിരിക്കുകയാണ്’ -സുബ്ബരാജ് കൂട്ടിച്ചേർത്തു.
‘മഹാൻ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും. സിനിമയിലെ എന്‍റെ കഥാപാത്രത്തിന് ഒന്നിലധികം ഷേഡുകൾ ഉണ്ട്, കഥ പുരോഗമിക്കുമ്പോൾ ഒരു വികാരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ രസകരമായിരുന്നു. തീർച്ചയായും, ഇത് എനിക്ക് സവിശേഷതകൾ നിറഞ്ഞ ഒരു സിനിമ കൂടിയാണ് – ഒന്ന്, ഇത് എന്‍റെ 60-ാമത്തെ ചിത്രമാണ്, എന്‍റെ സിനിമാ യാത്രയിലെ മറ്റൊരു നാഴികക്കല്ല്. രണ്ടാമതായി എന്‍റെ മകൻ ധ്രുവ് വിക്രം സിനിമയിലും എന്‍റെ മകനായി അഭിനയിക്കുന്നു. ഈ റോളിനായി അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, എനിക്ക് അദ്ദേഹത്തിൽ വളരെ അഭിമാനമുണ്ട്. കാർത്തിക് സുബ്ബരാജിനെപ്പോലെ പ്രതിഭാധനനായ ഒരു സംവിധായകനൊപ്പം പ്രവർത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായ കാഴ്ചപ്പാടുള്ള ആളാണ് അദ്ദേഹം’ – വിക്രം പറഞ്ഞു.
















