തൃശൂർ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ബോധവത്കരണവും കടുത്ത ശിക്ഷയും ഉണ്ടാകുമ്പോഴും പോക്‌സോ കേസുകൾ കൂടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1200 ലേറെ പോക്‌സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. കൊവിഡിനെ തുടർന്ന് ഒരു വർഷക്കാലം കടുത്ത നിയന്ത്രണം ഉണ്ടായ 2020ൽ പോലും 234 കേസുകൾ ഉണ്ടായി.
കഴിഞ്ഞ വർഷം പോക്സോ കേസുകൾ 300ന് അടുത്തെത്തി. ഓരോ വർഷം ചെല്ലുതോറും കേസുകളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ വർഷം തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 136 കേസുകളും റൂറൽ പരിധിയിൽ 160 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 2020ൽ സിറ്റി പരിധിയിൽ 113ഉം റൂറൽ പരിധിയിൽ 121 കേസുകളുമാണ് രജിസ്റ്റർ ചെയ്ത്.
















