മരട്: മരടിലെ ജീവനാഡിയായ അയിനി തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിൽ അഴിമതി ആരോപണവുമായി തോട് സംരക്ഷണ സമിതി പ്രവർത്തകർ രംഗത്ത്. നിർമ്മാണ ജോലികൾ നാട്ടുകാർ തടഞ്ഞു. മരടിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായാണ് കയ്യേറ്റമൊഴിപ്പിച്ച് ഭിത്തി കെട്ടി തോട് സംരക്ഷിക്കാൻ നഗരസഭ നടപടി എടുത്തത്.
അയിനി അമ്പലത്തിനു തെക്ക് ഭാഗത്തു തോടു കയ്യേറ്റം നീക്കം ചെയ്തുള്ള പുനർനിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. തോടിന്റെ അടിഭാഗം ചെളിനീക്കി രണ്ട് അടി ഉയരത്തിൽ കരിങ്കൽ ഡ്രൈ പാക്ക് ചെയ്ത് അതിനു മുകളിൽ 10 സെന്റി മീറ്റർ പി.സി.സി ഇട്ടു വേണം എസ്റ്റിമേറ്റു പ്രകാരം പണി നടത്താൻ. ഉപ്പു വെള്ളം കയറാതെ വേണം കോൺക്രീറ്റ് ചെയ്യാൻ. ഇതിനായി 1.57 ലക്ഷം രൂപ വെള്ളം വറ്റിക്കുന്നതിന് മാത്രമായി നൽകിയിട്ടുമുണ്ട്. എന്നാൽ നഗരസഭ ഓവർസിയറുടെ സാന്നിദ്ധ്യത്തിൽ വേണ്ട രീതിയിൽ കരിങ്കല്ലിടാതെ ഉപ്പുവെള്ളത്തിൽ കോൺക്രീറ്റിട്ടാണ് നിർമ്മാണം പ്രവർത്തനങ്ങൾ നടത്തിയത്.
















