റിയാദ്: സൗദിയിൽ ബിനാമി കച്ചവടം ഇല്ലാതാക്കാൻ പത്ത് നിബന്ധനകൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷൻ സ്ഥാപനത്തിന് ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസൻസുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.
പ്രവർത്തന ലൈസൻസ് പുതുക്കിയെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിന്‍റെ വിലാസം അപ്ഡേറ്റ് ചെയ്യുക, വേതന സംരക്ഷണത്തിനുള്ള സർക്കാർ പ്രോഗ്രാംയിൽ സ്ഥാപനം രജിസ്റ്റർ ചെയ്യുക, തൊഴിൽ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകൾ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തുക, സ്ഥാപനത്തിൽ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് രാജ്യത്തെ ഓരോ വാണിജ്യ സ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട കർശന നിബന്ധനകൾ. സ്ഥാപനത്തിന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തുകയും ഇക്കാര്യത്തിൽ പ്രധാന ചട്ടങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു.
















