ദുബായ്: യുഎഇയിൽ പുതിയ കൊതുക് നിവാരണ യജ്ഞം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കുകയും ചെയ്തു . രാജ്യത്തെ സ്‌കൂളുകളിലും പാർപ്പിട മേഖലകളിലും പൊതു പാർക്കുകളിലും കീടനാശിനി തളിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ശൈത്യകാലമായതോടെ കൊതുകുകളും മറ്റ് പ്രാണികളും വർധിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് അധികൃതർ കൊതുകുനിവാരണ യജ്ഞം പ്രഖ്യാപിച്ചത്. ദേശീയ കൊതുകു നിയന്ത്രണ പരിപാടിയുടെ ഭാഗമായി യുഎഇയിൽ ഉടനീളമുള്ള നിർമ്മാണ സൈറ്റുകൾ, സ്‌കൂളുകൾ, പാർപ്പിട പ്രദേശങ്ങൾ, പൊതു പാർക്കുകൾ, ഫാമുകൾ എന്നിവിടങ്ങളിൽ കീടനാശിനികൾ തളിക്കുകയും ചെയ്യും.
പ്രാണികൾ പ്രജനനം നടത്തുന്ന ശൈത്യകാലത്ത് ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും പുതിയ നിർദേശങ്ങളോട് സഹകരിക്കണമെന്നും, അധികൃതർ അഭ്യർത്ഥിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് അംഗീകാരം ലഭിച്ച കീടനാശിനികളാണ് പൊതു സ്ഥലങ്ങളിൽ തളിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
















