ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് അടിസ്ഥാന സൗകര്യം, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവയുടെ പുതിയ സാധ്യതകൾ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ‘വികസനത്തിൻ്റെ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. ബജറ്റ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു.
ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണ്. ദരിദ്രരുടെ ക്ഷേമത്തില്‍ ശ്രദ്ധയൂന്നിയ ബജറ്റാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യവര്‍ഗത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പ്രതിപക്ഷത്തിൻ്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ഈ ബജറ്റ്. ഇത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അടിയന്തര ആവശ്യങ്ങള്‍ ഉറപ്പു വരുത്തുന്നതാണ്.
കൂടുതല്‍ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ വളര്‍ച്ച എന്നിവ ഉറപ്പു വരുത്തുന്നു. സാധാരണക്കാര്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് ബജറ്റ് എന്നാണ് മോദി ബജറ്റിനെ വിശേഷിപ്പിച്ചത്.
















