സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് ഒരു രൂപയോളം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോർഡ്. എന്നാൽ റെഗുലേറ്ററി കമ്മീഷൻ പരമാവധി 50 പൈസ വർധിപ്പിക്കാൻ അനുവദിക്കുമെന്നാണ് വിവരം. നിലവിൽ ഉള്ള 4.80 രൂപയിൽ നിന്ന് 5.75 രൂപയാക്കി വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. അതായത് 19.8 ശതമാനത്തിന്റെ വളർച്ചയാണ് വൈദ്യുതി നിരക്കിൽ ഉണ്ടാകാൻ പോകുന്നത്. എന്നാൽ സാധാരക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കാൻ ഒരുങ്ങുന്ന വൈദ്യുതി ബോർഡിന് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ളത് കോടികളാണ്.
കറന്റ് ചാർജ്ജ് ഇനത്തിലായി 3000 കോടി രൂപയാണ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബി ക്ക് നൽകാനുള്ളത്. സാധാരണക്കാരൻ ബില്ല് അടക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരാൻ വരുന്ന അതേ ബോർഡ് തന്നെയാണ് ഇത്രയും പണം വർഷങ്ങളായി പിരിക്കാതെ ഇരിക്കുന്നത്. 3000 കോടിയിൽ 1800 കോടിയും നൽകാനുള്ളത് സർക്കാർ സ്ഥാപനങ്ങളും ബാക്കി സ്വകാര്യ സ്ഥാപനങ്ങളുമാണ് നൽകാനുള്ളത്.
സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളതിൽ 1000 കോടിയും നൽകാനുള്ളത് ജല അതോറിറ്റിയാണ്. ബാക്കി 800 കോടി വിവിധ വകുപ്പുകൾ വരുത്തിയ കുടിശ്ശികയാണ്. സ്വകാര്യ സ്ഥാപനങ്ങൾ നൽകാനുള്ളതിൽ പലതും നിയമ തർക്കം നടക്കുന്നവയാണ്. ഇതിൽ തന്നെ പലതും വർഷങ്ങളായി നിയമ പോരാട്ടം നടക്കുന്നവയാണ്.
കോവിഡ് കാലത്ത് നിരവധി സ്ഥാപനങ്ങൾ വൈദ്യുതി ബിൽ കുടിശിക വരുത്തിയിരുന്നു. ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന പണം തവണകളായി അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതും കോടികൾ വരും. എന്നാൽ കുടിശിക വരുത്തിയതിൽ കൂടുതലും സർക്കാർ വകുപ്പുകളാണ് എന്നതിനാൽ അടവ് ഇനിയും കാലതാമസമെടുക്കും.
അതേസമയം, വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിന് ബോർഡിന്റെ കുടിശിക തുക പരിഗണിക്കില്ല. കുടിശിക തുക ബോർഡിന് ലഭിച്ച വരുമാനമായി ആണ് കണക്കാക്കുന്നത്. വരുമാനവും ചെലവും വിലയിരുത്തുമ്പോൾ ഉണ്ടാകുന്ന കമ്മി നികത്താനാണ് നിരക്കുവർധന. കുടിശിക ലഭിച്ചാൽ ബോർഡിന്റെ സാമ്പത്തിക നില മെച്ചപ്പെടും.