ന്യൂയോർക്ക്: മുൻ മിസ് യുഎസ്എ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ചെസ്‌ലി താമസിക്കുന്ന 60 നിലയുള്ള ഫ്ലാറ്റിൽ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിക്കുന്നതിനു മുമ്പായി ഈദിവസം നിങ്ങൾക്ക് വിശ്രമവും സമാധാനവും നൽകട്ടേയെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.
അഭിഭാഷകയും ഫാഷൻ വ്ളോഗറും എക്‌ട്രാ ടി വി കറസ്‌പോണ്ടന്റുമായിരുന്ന അവർ 2019ലാണ് സൗന്ദര്യറാണിപട്ടം ചൂടിയത്. 27 വയസ്സായിരുന്നു അന്ന് പ്രായം. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാൻ ചെസ്‌ലി സൗജന്യമായി നിയമസഹായം നൽകിയിരുന്നു.
സൗത്ത് കരോലൈന സർവകലാശാല, വേക്ക് ഫോറസ്റ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി മൂന്നു ബിരുദംനേടി. 2019ൽ ചെസ്‌ലി മിസ് നോർത്ത് കരോലിന യുഎസ്എ പട്ടം നേടി. മിസ് യുഎസ്എ 2019 കിരീടം നേടിയ ശേഷം അവർ ജോലിയിൽ നിന്ന് അവധി എടുത്തു. 2020ൽ അവരുടെ സ്ഥാപനം അവരെ അതിൻ്റെ ആദ്യത്തെ ഡൈവേഴ്‌സിറ്റി അഡ്വൈസറായി നിയമിച്ചു.
















