പാലക്കാട്: ജില്ലയിൽ പനി പരിശോധനയ്ക്കായി മാത്രം താലൂക്ക് ആശുപത്രികളിൽ പ്രത്യേക ഒ.പി ആരംഭിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. കൂടുതൽ സൗകര്യങ്ങളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക ഒ.പി സൗകര്യം ഒരുക്കണം. പനി ബാധിതരും കൊവിഡ് രോഗികളും ആശുപത്രികളിൽ ഒന്നിച്ചെത്തി തിരക്ക് ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കണം.
കളക്ടറേറ്റിൽ ഓൺലൈനായി നടന്ന കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.കൊവിഡ് സാഹചര്യത്തിൽ മരുന്നുകൾക്ക് മാത്രമായി ആശുപത്രികളിൽ എത്തുന്നവർക്ക് മരുന്ന് വീടുകളിൽ എത്തിച്ചു നൽകാനുള്ള സൗകര്യം ഒരുക്കണം. ഇതിനായി വാതിൽപ്പടി സേവനത്തിൽ പ്രവർത്തിക്കുന്ന വോളണ്ടിയർമാരെയും ആശാവർക്കർമാരെയും നിയോഗിക്കാൻ തീരുമാനമായി. ആർ.ടി.പി.സി.ആർ പരിശോധന പി.എച്ച്.സി തലത്തിൽ നടത്താനുള്ള സൗകര്യം ഒരുക്കും. ഇതിനായി കൂടുതൽ ലാബ് ടെക്‌നീഷ്യന്മാരെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















