കൊല്ലം: ആധുനികവത്കരണത്തിന്റെ ഭാഗമായി കയർ സഹകരണ സംഘങ്ങൾക്ക് സർക്കാർ നൽകിയ ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രത്തിൽ ഉത്പാദിപ്പിച്ച ഏഴ് കോടിയുടെ 22,000 ക്വിന്റൽ കയർ ഗുണനിലവാരമില്ലെന്ന കാരണത്താൽ കയർഫെഡിന്റെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. സംഘങ്ങൾ യന്ത്രത്തെ പഴിക്കുമ്പോൾ യന്ത്രം കൈകാര്യം ചെയ്തതിലെ പരിചയക്കുറവാണ് കാരണമെന്ന് കയർഫെഡ് പറയുന്നു.
145 സംഘങ്ങൾക്ക് 1,423 യന്ത്രങ്ങളാണ് നൽകിയത്.
ഒന്നിന് മൂന്നു ലക്ഷമായിരുന്നു വില. ഒരു യന്ത്രത്തിൽ നിന്ന് പ്രതിദിനം ശരാശരി 50 കിലോ കയർവരെ ഉത്പാദനം പ്രതീക്ഷിക്കുന്നു. തൊഴിലാളികൾക്ക് 500 രൂപ ദിവസ വേതനം കിട്ടുമെന്നായതോടെ സംഘങ്ങൾക്കും വലിയ താത്പര്യമായിരുന്നു. കാര്യങ്ങൾ ക്ളച്ചുപിടിച്ചു വന്നപ്പോഴേക്കും ഗുണനിലവാരം കീറാമുട്ടിയായി.
പുതുതായി തുടങ്ങിയ 150 ഓളം കയർ ഫാക്ടറികളിൽ ഉത്പാദിപ്പിച്ച ചകിരിയുടെ ഗുണനിലവാരക്കുറവും നിറക്കുറവും പ്രശ്നമായി. അതോടെ വില്പന കുറഞ്ഞു. ഗോഡൗണുകളിൽ കയർ കെട്ടിക്കിടക്കുന്നതിനാൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നില്ല. പലതും തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്.
















