കഴിഞ്ഞ ദിവസമാണ് ആള്‍ക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നിയമസഹായം വാഗ്‍ദാനം ചെയ്‍ത് നടന്‍ മമ്മൂട്ടി രംഗത്തെത്തിയത്. ഏതാനും ദിവസം മുന്‍പ് വിചാരണ കോടതിയില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാതെയിരുന്നത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്‍റെ പിആര്‍ഒ മധുവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടത്. നിരവധി പേരാണ് മമ്മൂട്ടിയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ അവസരത്തിൽ സംവിധായകൻ എം.എ. നിഷാദ് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
എം.എ. നിഷാദിന്റെ വാക്കുകൾ…,
ഈ വാർത്ത സത്യമാണെങ്കിൽ… ഒരു കലാകാരന്റെ സാമൂഹിക,പ്രതിബദ്ധതയുടെ,അർപ്പണ ബോധത്തിന്റെ മകുടോദാഹരണം.. മലയാളത്തിന്റെ പ്രിയ നടൻ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം, ശബ്ദമില്ലാത്തവന്റെ,
ശബ്ദമായി മാറുന്നു… അഭിനന്ദിനീയം,എന്നൊരൊറ്റവാക്കിൽ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവർത്തി. മറിച്ച്, ഇനിയും ഉണരാത്ത ഞാനുൾപ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ ഉണർത്താൻ കൂടിയാണ്… വെളളിത്തിരയിലെ,അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക്,കൈയ്യടിക്കുന്ന ആരാധകർ….അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റ്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം…ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണർക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം… അതൊരു പ്രചോദനമാകട്ടെ എല്ലാവർക്കും. ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം കുറിച്ചു
















