ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാകും. കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ നാലാമത് ബജറ്റാണിത്.ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത ശേഷം ധനമന്ത്രി കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവേ അവതരിപ്പിക്കും.
അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പെഗസിസ് അടക്കമുള്ള വിഷയങ്ങൾ ആകും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുക. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പാർലമെന്റിന്റെ ഇരു സഭകളും വ്യത്യസ്ത സമയങ്ങളിലാകും ഒത്തുചേരുക. പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളുടെ ആദ്യ പകുതിയിൽ രാജ്യസഭയും രണ്ടാം പകുതിയിൽ ലോക്സഭയും സമ്മേളിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ പത്തു സമ്മേളനങ്ങളും മാർച്ച് 14 മുതൽ ആരംഭിക്കുന്ന രണ്ടാം പകുതിയിൽ 19 സമ്മേളനങ്ങളും ഉണ്ടാകും. കോവിഡ് രോഗ വ്യാപനത്തിനുശേഷമുള്ള ആറാമത് ബജറ്റ് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.