ഇംഫാൽ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂർ ബിജെപിയിൽ പൊട്ടിത്തെറി. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെയും കോലം കത്തിച്ചു.
വിവിധ ഭാഗങ്ങളിൽ പാർട്ടി ഓഫീസുകൾ അടിച്ചുതകർത്തു. പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ തടിച്ചുകൂടുകയും ചെയ്തു. നിരവധി നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പലരും പാര്‍ട്ടി വിട്ടു. എത്ര നേതാക്കളാണ് പാര്‍ട്ടി വിട്ടതെന്ന് വ്യതക്തമല്ല. 60 പേരുടെ പട്ടിക പ്രഖ്യാപിച്ചതില്‍ പത്ത് പേരെങ്കിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ്. പാര്‍ട്ടിക്കൊപ്പം നിന്നവരെ പരിഗണിക്കാതെ കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ പരിഗണിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി ബീരന്‍ സിങ് ഹെയ്ങാങ് മണ്ഡലത്തില്‍ നിന്നും ബിസ്വജത് സിങ് തോങ്യു മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. അതേസമയം പാര്‍ട്ടി പ്രഖ്യാപിച്ച 60 സീറ്റുകളില്‍ മൂന്നിടത്ത് മാത്രമാണ് വനിതകള്‍ മത്സരിക്കുന്നത്. പട്ടികയില്‍ ഒരേയൊരു മുസ്ലീം സ്ഥാനാര്‍ഥി മാത്രമാണുള്ളത്. മണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പിസിസി അധ്യക്ഷന്‍ ഗോവിന്ദദാസ് കോന്ദോയാമിനും സീറ്റ് നല്‍കിയിട്ടുണ്ട്.