ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ ആക്രമിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടി.
സംഭവം ബെംഗളൂരുവിലും കർണാടകയിലെ മറ്റ് ഭാഗങ്ങളിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
സ്ത്രീയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.
ജനുവരി 24 ന് ഭിന്നശേഷിക്കാരി യുവതി പൊലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഉദ്യോഗസ്ഥന് നിസാര പരുക്കേറ്റു. തുടർന്ന് യുവതിയെ റോഡിലേക്ക് തള്ളിയിട്ട ഉദ്യോഗസ്ഥൻ ആവർത്തിച്ച് ചവിട്ടുകയും അസഭ്യം പറയുകായും ചെയ്തു.