പട്‌ന: മകളെ തട്ടിക്കൊണ്ടുപോയെന്ന് പിതാവ് പരാതി നല്‍കിയതിന് പിന്നാലെ വിവാഹം കഴിഞ്ഞെന്ന വെളിപ്പെടുത്തലുമായി മകളുടെ വീഡിയോ. ബിഹാറിലെ ഹാജിപുര്‍ സ്വദേശിയുടെ മകളാണ് പിതാവിൻ്റെ പരാതി വ്യാജമാണെന്നും തൻ്റെ വിവാഹം കഴിഞ്ഞെന്നും അവകാശപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
കല്യാണവീഡിയോയും യുവതി പങ്കുവച്ചു. പോലീസില്‍ കഴിഞ്ഞ ദിവസമാണ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ പുതിയ വീഡിയോയയുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയില്‍ ഒപ്പമുള്ളയാള്‍ ഇത് തൻ്റെ വരനാണെന്നും തൻ്റെ വിവാഹം കഴിഞ്ഞെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. പിതാവിൻ്റെ പരാതി വ്യാജമാണെന്നും പോലീസ് തങ്ങളെ സഹായിക്കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും താന്‍ സന്തോഷവതിയാണെന്നും പപ്പ ഞങ്ങളെ ശല്യപ്പെടുത്തരുതെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ബന്ധുക്കളോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പെണ്‍കുട്ടിയെ പോലീസീന് കണ്ടെത്താനായിട്ടില്ല.