മുക്കം : മുക്കത്ത് സ്കൂട്ടർ യാത്രികരായ വിദ്യാർഥിനികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ലോറി ഡ്രൈവർ തിരുവമ്പാടി ചെറുപറമ്പിൽ ഹഫ്സൽ (37), സ്കൂട്ടർ യാത്രികരായ നെല്ലിക്കാപറമ്പ് മാവയിൽ സന (18), മുത്തേരി മൂത്തേടത്ത് ഹനാൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വെസ്റ്റ് മാമ്പറ്റ-പി.സി. ജങ്ഷൻ ബൈപ്പാസിൽ കുറ്റിപ്പാലയ്ക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം നടന്നത്. വെസ്റ്റ് മാമ്പറ്റ ഭാഗത്തുനിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുറ്റിപ്പാല അയ്യപ്പൻ കാവിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. സ്കൂട്ടർ നടുറോഡിലേക്കും വിദ്യാർഥിനികൾ റോഡിന്റെ ഇടതുവശത്തേക്കുമാണ് വീണത്.