കൊവിഡ് വൈറസ് ന്റെ പശ്ചാത്തലത്തില്‍ മിക്ക സിനിമകളും റിലീസ് മാറ്റിവെക്കുന്നതിനിടയില്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ തിയറ്ററുകളിലെത്തിയ ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് പക്ഷേ കൊവിഡ് സാഹചര്യം വിനയായിട്ടുണ്ട്. ഞായര്‍ ലോക്ക് ഡൗണും കൂടുതല്‍ ജില്ലകള്‍ തിയറ്ററുകള്‍ അടയ്ക്കേണ്ട ‘സി കാറ്റഗറി’യിലേക്ക് എത്തിയതും ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷനെ ബാധിച്ചു. എന്നാല്‍ കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും പല വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണവും കളക്ഷനുമാണ് നേടുന്നത്. ഏറ്റവുമൊടുവില്‍ പുറത്തെത്തിയിരിക്കുന്നത് ചിത്രത്തിന്‍റെ നോര്‍ത്ത് അമേരിക്കന്‍ കളക്ഷന്‍ ആണ്.
കേരളത്തിനൊപ്പമായിരുന്നു ഹൃദയത്തിന്‍റെ യുഎസ്, കാനഡ റിലീസ്. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രതികരണമാണ് ഈ മാര്‍ക്കറ്റുകളില്‍ നേടുന്നത്. വെള്ളിയാഴ്ചത്തെ മാത്രം യുഎസ് കളക്ഷന്‍ 15,862 ഡോളറും കാനഡ കളക്ഷന്‍ 2842 ഡോളറുമാണ്. യുഎസില്‍ നിന്ന് ഒരാഴ്ച കൊണ്ട് നേടിയത് 1.6 ലക്ഷം ഡോളറും കാനഡയില്‍ നിന്ന് നേടിയത് 29,104 ഡോളറുമാണ് നേടിയിരിക്കുന്നത്.