ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക സർക്കാർ. സംസ്ഥാനത്തെ രാത്രി കർഫ്യൂ 31ന് പിൻവലിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി ബംഗളൂരുവിലെ എല്ലാ സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ നേതൃത്വത്തിൽ നടത്തിയ കൊവിഡ് അവലോകനയോഗത്തിന് ശേഷമായിരുന്നു തീരുമാനം.
പബ്ബുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ 50 ശതമാനം സീറ്റുകളിൽ 31ന് ശേഷം എല്ലാവരെയും പ്രവേശിപ്പിക്കാം. നേരത്തെ ഇത് 50 ശതമാനമായിരുന്നു. സർക്കാർ ഓഫീസുകളിൽ എല്ലാവരും ഹാജരാകണം. എന്നാൽ തിയേറ്ററുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്‌പോർട്സ് കോംപ്ലെക്സുകൾ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ പകുതിപ്പേരെ മാത്രമേ പ്രവേശിപ്പിക്കൂ.വിവാഹത്തിന് 300 ആളുകൾക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിൽ പകുതിപ്പേർക്ക് പ്രവേശിക്കാം. മേളകൾ, റാലികൾ, ധർണകൾ, പ്രതിഷേധങ്ങൾ, സാമൂഹിക മത സമ്മേളനങ്ങൾ തുടങ്ങിയവ പൂർണമായും നിരോധിച്ചിട്ടുണ്ട്.