ചെന്നൈ: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മകളെ രക്ഷപ്പെടുത്താനും സ്വയം പ്രതിരോധത്തിനും നടത്തിയ കുറ്റകൃത്യമായതിനാൽ അറസ്റ്റിലായ 41കാരിയായ മലയാളി വീട്ടമ്മയെ പോലീസ് കേസെടുത്തശേഷം വിട്ടയച്ചു. ചെന്നൈ ഒട്ടേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
20 വയസുള്ള മകളെയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പോലീസിൽ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് കൺമുന്നിൽ വച്ച് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അമ്മ തലയ്ക്കടിച്ച് കൊന്നത്. രാത്രി മകളുടെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ കാണ്ടത് മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഭർത്താവിനെയാണ്.
അമ്മയും ഇളയ മകനും ചേർന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇരുവരേയും മർദിച്ചു. ഇതോടെയാണ് കൈയിൽ കിട്ടിയ ചുറ്റിക കൊണ്ട് ഭർത്താവിൻ്റെ തലയ്ക്ക് ആഞ്ഞടിച്ചത്. പിന്നാലെ മരണം ഉറപ്പാക്കിയ ശേഷം പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി.
ആദ്യം കൊലപാതകത്തിന് കേസെടുത്ത പോലീസ്, പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഗുരുതര വകുപ്പുകൾ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിന് ഇടയിൽ സംഭവിച്ചത് എന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്.