കോതമംഗലം : നേര്യമംഗലം വനത്തിൽ റാണിക്കല്ലിന് മുകളിലെ മലയിൽ വൻകാട്ടുതീ. ഹെക്ടർകണക്കിന് വനത്തിനാണ് തീപിടിത്തം ഉണ്ടായത്.വെള്ളിയാഴ്ച രാവിലെ മുതൽ മല കത്തുകയാണ്. നേര്യമംഗലം ആർച്ച് പാലം കഴിഞ്ഞുള്ള ദേശീയ പാതയോരത്ത് റാണിക്കല്ല് മുതൽ മൂന്നാം മൈൽ വരെയുള്ള ഭാഗത്താണ് തീ പിടിച്ചിരിക്കുന്നത്.
നേര്യമംഗലം റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽ വരുന്ന വനപ്രദേശമാണിവിടം. മലയുടെ അടിവാരത്തിൽ നിന്ന് കത്തിത്തുടങ്ങിയത് വൈകീട്ടോടെ ഉയരത്തിലേക്ക് വ്യാപിക്കുകയും ചെയ്തു. അടിക്കാടും പുൽമേടുകളും ചെറുമരങ്ങളും തീയിൽ കത്തിയമർന്നിട്ടുണ്ട്. കാട്ടുതീ പ്രതിരോധത്തിനായി വനംവകുപ്പ് ഈ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അടിക്കാടും പുല്ലും കത്തിച്ച് കൺട്രോൾ ബേണിങ് നടത്തിയിരുന്നു.