‘മിന്നല്‍ മുരളി’യുടെ വിജയാവേശം ഇപ്പോഴും തീര്‍ന്നിട്ടില്ല. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ചിത്രം രാജ്യത്തിന് പുറത്തും വൻ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിൻ്റെ വിശേഷങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ തരംഗമാണ്.
ജെയ്സൺ ‘മിന്നൽമുരളി’യാവുന്നതിനുമുൻപുള്ള കുഞ്ഞുജെയ്സണെ ഓർമയുണ്ടോ? നാടകവേദിയിൽ പടർന്ന തീയിൽ വെന്തെരിയുന്ന തൻ്റെ പിതാവിൻ്റെ സ്വപ്നമായിരുന്ന ‘മിന്നൽമുരളി’യെന്ന കഥാപാത്രം കുഞ്ഞു ജെയ്സൻ്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. പിന്നീട് തനിക്ക് അമാനുഷിക ശക്തികൾ ലഭിച്ചപ്പോൾ ‘മിന്നൽമുരളി’യെന്ന പേര് ജെയ്സൺ സ്വീകരിക്കാൻ കാരണം കുട്ടിക്കാലത്തെ ആ ഓർമയാണ്.
ടൊവിനോയുടെ ആ കുട്ടിക്കാലത്തെ അവതരിപ്പിച്ച അവാൻ പൂക്കോട്ട് ബോളിവുഡിലേക്ക് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. മനോജ് ബാജ്‍പേയ് ചിത്രത്തിലുടെയാണ് കുഞ്ഞു ജെയ്സൺ ബോളിവുഡിലേക്ക് എത്തുന്നത്. ‘പഹാഡേം മേം’ ചിത്രത്തിലാണ് അവാൻ പൂക്കോട്ടിന് അഭിനയിക്കാൻ അവസരം കിട്ടിയത്. ആദ്യ ബോളിവുഡ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അവാൻ പൂക്കോട്ട്. റാം റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുഞ്ഞു ജെയ്സണായി അവാൻ മികച്ച പ്രകടനമാണ് ‘മിന്നൽ മുരളി’യിൽ നടത്തിയിരുന്നത്. കോഴിക്കോട്ടുകാരനാണ് അവാൻ. ‘മിന്നല്‍ മുരളി’ ചിത്രത്തിലെ വിജയത്തിനുശേഷം ബോളിവുഡിലേക്കും എത്തിയതിൻ്റെ സന്തോഷത്തിലാണ് അവാൻ. മുംബൈയില്‍ ഓഡിഷനിലൂടെ ചിത്രത്തിലേക്ക് അവാൻ തെരഞ്ഞെടുക്കപ്പെട്ടത് ഇരുന്നൂറോളം കുട്ടികളെ പിന്നിലാക്കിയത്.