ജെയ്പ്പൂർ: ഭർതൃവീട്ടിലെ പീഡനങ്ങളുടെ പ്രധാന പ്രതികൾ പലപ്പോഴും അമ്മായിഅമ്മമാരാണെന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരം നിരവധി വാർത്തകൾ നാം നിത്യവും കേൾക്കാറുണ്ട്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. രാജസ്ഥാനിലെ ശികാറിൽ ആണ് സംഭവം. മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകൻ്റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്തയച്ച് മാതൃകയായിരിക്കുകയാണ് ഒരു അമ്മ.
രാജസ്ഥാനിലെ ശികാർ സ്വദേശി കമലാ ദേവിയാണ് മകൻ്റെ ഭാര്യ സുനിതയ്ക്ക് പിന്തുണയുമായി ഒപ്പംനിന്നത്. 2016ലാണ് കമലാ ദേവിയുടെ ഇളയമകൻ ശുഭവും സുനിതയെ വിവാഹം കഴിച്ചത്. എംബിബിഎസ് പഠനത്തിനായി കിർഗിസ്ഥാനിലേക്കു പോയ ശുഭം ആറു മാസങ്ങൾക്കകം മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചു.
അഞ്ച് വർഷം സ്വന്തം മക്കളേക്കാൾ കമലാദേവി സുനിതയെ സ്നേഹിച്ചു. സ്കൂൾ ടീച്ചർ കൂടിയായ കമലാ ദേവിയാണ് സുനിതയോട് തുടർന്ന് പഠിക്കാൻ നിർദേശിച്ചത്. ബിരുദാനന്തര ബിരുദവും ബിഎഡും നേടാൻ കമലാ ദേവി മരുമകളെ നിർബന്ധിച്ചു. പഠനം പൂർത്തിയാക്കിയ സുനിത സ്കൂളിൽ അധ്യാപികയായി ജോലി നേടി. പഠന ശേഷം സ്വന്തം മകളെ പോലെ സുനിതയെ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു.
ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ താലി ചാർത്തിയത്. കടുത്ത സ്ത്രീധന വിരോധിയായ കമല മകൻ സുനിതയെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനം വാങ്ങിയിരുന്നില്ല. സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും അവർ സ്ത്രീധനമന്നും വാഗ്ദാനം ചെയ്തില്ല.