കൊച്ചി: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികളെ കണ്ടെത്തി സര്‍ക്കാര്‍ ചികിത്സ സൗകര്യമൊരുക്കണമെന്ന് ഹൈകോടതി.രോഗം ബാധിച്ച മകന് ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫ് നല്കിയ ഹരജിയിലാണ് ഉത്തരവ്.എം.എല്‍.എമാരായ എം. വിജിന്, മഞ്ഞളാംകുഴി അലി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇത്തരം കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ ഉപയോഗിക്കണമെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ബെഞ്ച് നിര്‍ദേശിച്ചു.
അപൂര്‍വരോഗങ്ങളുടെ ചികിത്സക്ക് വേണ്ടി ദേശീയ നയപ്രകാരമുള്ള കേന്ദ്രങ്ങള്‍ (സെന്റര്‍ ഓഫ് എക്സലന്‍സി) പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ഇതിനായി സ്വീകരിച്ച നടപടികളും അറിയിക്കണം. ചികിത്സക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കാനാവുമോയെന്നും ബദല്‍ സംവിധാനമൊരുക്കാനാവുമോയെന്നും വ്യക്തമാക്കണം. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ സര്‍ക്കാറുകള്‍ അറിയിക്കണം. അയല്‍ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുമോയെന്നും എല്ലാ സംസ്ഥാനങ്ങളിലും -ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുമോയെന്നും സര്‍ക്കാര്‍ അറിയിക്കണം.
വിദേശത്തുനിന്ന് മരുന്ന് എത്തിക്കാന്‍ 18 കോടി രൂപ വേണമെന്നിരിക്കെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഹരജിക്കാരന് 16 കോടി രൂപ സമാഹരിച്ചു. മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിലാണ് ഇത്. കല്യാശ്ശേരി എം.എല്‍.എ എം. വിജിന്റെ നേതൃത്വത്തിലുള്ള സമിതി മറ്റൊരു കുട്ടിക്ക് വേണ്ടിയും പണം സമാഹരിച്ചു. എന്നാല്‍, ചികിത്സ ലഭ്യമാക്കും മുമ്പ് കുഞ്ഞ് മരിച്ചു. ഇതിലെ ബാക്കി തുകയും മുഹമ്മദ് അഷറഫിന്റെ
മകനുവേണ്ടി സമാഹരിച്ച തുകയും സമാന രോഗം ബാധിച്ചവര്‍ക്ക് മരുന്നു വാങ്ങാന്‍ നല്‍കണം. ഇവരുടെ
ചികിത്സ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.