മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘ബ്രോ ഡാഡി’ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം നാളെ ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ‘ബ്രോ ഡാഡി’യിലെ ചിരിപ്പിക്കുന്ന പുതിയൊരു പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചുള്ളതാണ് വിഡിയോ. നിങ്ങൾ കാത്തിരുന്ന അടിപൊളി അച്ഛൻ- മകൻ കോമ്പോ എന്ന കുറിപ്പിൽ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പത്രം വായിച്ചിരിക്കുന്ന മോഹൻലാലിൻ്റെ അടുത്തേക്ക് പരസ്യ ഐഡിയയുമായി എത്തുകയാണ് പൃഥ്വിരാജ്. മകൻ്റെ ഐഡിയ മുഴുവൻ കേട്ട് മോഹൻലാൽ നൽകുന്ന മറുപടിയാണ് രസകരം.
അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ‘ബ്രോ ഡാഡി’യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിൻ്റെ തിരക്കഥയെഴുതുന്നത്.
കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. ‘ലൂസിഫറി’ൻ്റെ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.