ലണ്ടന്‍: ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). യൂറോപ്പില്‍ കോവിഡ് വ്യാപനം അതിൻ്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. ആദ്യമായിട്ടാണ് ഡബ്ല്യൂഎച്ച്ഒ ഇത്തരമൊരു സൂചന നല്‍കുന്നത്.
‘ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്’ ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കും- ക്ലൂഗെ പറഞ്ഞു.
ഒമിക്രോണിൻ്റെ നിലവിലെ കുതിപ്പു ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും പ്രതിരോധശേഷി ഉണ്ടാവും. അത് വാക്സിന് മൂലമാവാം, അല്ലെങ്കില്‍ രോഗബാധമൂലമാവാം. എന്തായാലും ഇതുപോലൊരു തിരിച്ചുവരവ് കോവിഡിന് സാധ്യമാവില്ല- ക്ലൂഗെ പറയുന്നു. കോവിഡ് മടങ്ങിവന്നേക്കാം. എന്നാല്‍ അതിനു മുമ്പ് ശാന്തമായ ഒരു കാലഘട്ടം തീര്‍ച്ചയായും ഉണ്ടാവും. കോവിഡ് മടങ്ങിവരുന്നത് മഹാമാരി എന്ന നിലയില്‍ ആവണമെന്നില്ലെന്നും ക്ലൂഗെ പറഞ്ഞു.