ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,06,064 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.95 കോടിയായി ഉയർന്നു. ലോകത്ത് അമേരിക്കക്ക് പിന്നിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 14,74,753 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഞായറാഴ്ച 3.33 ലക്ഷം കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ഇന്നലത്തെ ടിപിആര്‍. നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,43,495 പേര് രോഗമുക്തി നേടി. 439 പേരാണ് ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചത്.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 50,210 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,842 പേര് പുതുതായി രോഗമുക്തി നേടിയപ്പോള്‍ 19 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,57,796 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 ശതമാനം കടന്നു.
22.77 ശതമാനമാണ് നിലവിലെ ടിപിആര്‍. ബംഗളൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 931 ആയി ഉയര്‍ന്നതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ പുതുതായി 14,440 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.